പുറം വേദനയുമായി ബന്ധപ്പെട്ട് ഇന്ത്യൻ താരം ഹർദിക് പാണ്ട്യയുടെ സർജറി ലണ്ടനിൽ വെച്ച് നടന്നു. താരം തന്നെയാണ് സർജറി കഴിഞ്ഞ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. എത്രയും പെട്ടെന്ന് കളത്തിൽ തിരിച്ചെത്താൻ ശ്രമിക്കുമെന്ന് താരം പറഞ്ഞു. അതെ സമയം താരത്തിന് ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. ബംഗ്ളദേശിനെതിരായ ടി20 മത്സരങ്ങൾക്ക് താരം തിരിച്ചെത്തില്ലെന്ന് ഉറപ്പാണ്.
കഴിഞ്ഞ വർഷം യു.എ.യിൽ വെച്ച് നടന്ന ഏഷ്യ കപ്പ് മത്സരത്തിനിടെയാണ് താരത്തിന് ആദ്യമായി പരിക്കേറ്റത്. തുടർന്ന് പരിക്ക് മാറി താരം ഐ.പി.എല്ലും ലോകകപ്പും കളിച്ചിരുന്നു. എന്നാൽ വീണ്ടും പരിക്ക് തിരിച്ചെത്തിയതോടെ താരം സർജറിക്ക് വിധേയനാവാൻ തീരുമാനിക്കുകയായിരുന്നു. ഹർദിക് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടി20 മത്സരങ്ങൾക്കായിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് ടീമിൽ താരത്തിന് അവസരം ലഭിച്ചിരുന്നില്ല.
നേരത്തെ മറ്റൊരു ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറക്കും പരിക്കേറ്റിരുന്നു. താരവും ചികിത്സക്ക് വേണ്ടി ലണ്ടനിലെ ഡോക്ടർമാരെ സമീപിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.