മുംബൈ: ഐപിഎൽ 2025-ൽ ആറ് മത്സരങ്ങളുടെ വിജയക്കുതിപ്പിന് ശേഷം, ചൊവ്വാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടിരുന്നു. കളിക്കിടെ ഇരു ടീമുകളുടെ ഭാഗത്തുനിന്നും മോശം ഫീൽഡിംഗ് പ്രകടനം ഉണ്ടായി, നാല് ക്യാച്ചുകൾ വരെ നഷ്ടപ്പെടുത്തി. എങ്കിലും, ഈ പിഴവുകൾ മത്സരഫലത്തെ കാര്യമായി ബാധിച്ചില്ലെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു.

നോ-ബോളുകളാണ് യഥാർത്ഥത്തിൽ തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരത്തിൽ പാണ്ഡ്യ എറിഞ്ഞ ഒരു ഓവറിൽ രണ്ട് നോ-ബോളുകൾ ഉൾപ്പെടെ 18 റൺസ് വഴങ്ങിയിരുന്നു. അവസാന ഓവറിൽ 15 റൺസ് പ്രതിരോധിക്കുമ്പോൾ ദീപക് ചഹാറും നോ-ബോൾ എറിഞ്ഞു.
“ക്യാച്ചുകൾ നഷ്ടമായത് ഞങ്ങൾക്ക് വലിയ തിരിച്ചടിയായില്ല. ഞങ്ങൾ ഫീൽഡിംഗിൽ ശ്രദ്ധാലുക്കളായിരുന്നു. പക്ഷേ, നോ-ബോളുകൾ, എന്റെ നോ-ബോളും അവസാന ഓവറിലെ നോ-ബോളും തീർച്ചയായും ഞങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കി. എന്റെ കാഴ്ചപ്പാടിൽ അത് ഒരു തെറ്റാണ്, മിക്കപ്പോഴും അത് നമ്മെ തിരിഞ്ഞുകൊത്തും. അത് ഞങ്ങൾക്ക് സംഭവിച്ചു.” ഹാർദിക് പറഞ്ഞു.