ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ കാലം കളിക്കുവാന്‍ സാധിക്കണമെങ്കിൽ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ ബൗളിംഗ് ആക്ഷന്‍ മാറ്റേണ്ടതുണ്ടെന്ന് പറഞ്ഞ് താരത്തിന്റെ കുട്ടിക്കാലത്തെ കോച്ച് ജിതേന്ദര്‍ സിംഗ്. ടെസ്റ്റ് ഫോര്‍മാറ്റിൽ താരം വെറും 11 മത്സരങ്ങളിലാണ് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്.
എന്നാൽ പരിക്ക് താരത്തെ ബൗളിംഗിൽ നിന്ന് പിന്മാറ്റി നിര്‍ത്തുമ്പോള്‍ താരത്തിന് ടെസ്റ്റ് ടീമിലെ അവസരം നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. 2016ൽ സമാനമായ രീതിയിൽ താരത്തിന്റെ ബൗളിംഗ് ആക്ഷന്‍ താനും താരവും കൂടി ശരിയാക്കിയിരുന്നുവെന്നും അതിന് ശേഷം താരം മികച്ച തിരിച്ചുവരവ് നടത്തിയെന്നും ജിതേന്ദര്‍ പറഞ്ഞു.
2016ൽ ടി20 ലോകകപ്പ് ടീമിൽ സ്ഥാനം നഷ്ടമായ താരത്തിന് ഐപിഎലിലും മോശം സീസണ് ആയപ്പോളാണ് തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതെന്നും അതിന് ശേഷം ഇന്ത്യന്‍ എ ടീമിൽ ഇടം കിട്ടിയ താരം വീണ്ടും ഓസ്ട്രേലിയ ടൂറിന് പോയി മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയെന്നും ജിതേന്ദര്‍ വ്യക്തമാക്കി.
താരം 15-16 വയസ്സുള്ളപ്പോള്‍ മാത്രമാണ് പേസ് ബൗളിംഗിലേക്ക് എത്തിയതെന്നും അതിന്റേതായ പ്രയാസങ്ങള്‍ താരത്തിനുണ്ടെന്നുള്ളതും മനസ്സിലാക്കണമെന്ന് ജിതേന്ദര്‍ സൂചിപ്പിച്ചു. 2018ൽ ആണ് ഹാര്‍ദ്ദിക് അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്.