ഇന്ത്യയിലെ പിച്ചുകളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ബലത്തില്‍ ഇന്ത്യ സംഹാര താണ്ഡവം ആടുമ്പോളും വിദേശത്തെ പിച്ചുകളില്‍ പേസ് ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്തുവാന്‍ സാധിക്കാതെ പോകുന്നതിനാല്‍ പലപ്പോഴും ഇന്ത്യ വിദേശ പരമ്പരകളില്‍ പരാജയപ്പെടുകയാണ് പതിവ്. ഒപ്പം ബാറ്റിംഗ് തകര്‍ച്ച കൂടിയാവുമ്പോള്‍ ജയ സാധ്യത മറക്കുന്ന സാഹചര്യമാണുണ്ടാകുന്നത്. എന്നാല്‍ അടുത്ത കുറച്ച് കാലമായി ഇന്ത്യന്‍ ബൗളര്‍മാര്‍ വിദേശങ്ങളില്‍ ഭേദപ്പെട്ട പ്രകടനങ്ങളാണ് കാഴ്ചവയ്ക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 60 വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ ബൗളര്‍മാര്‍. ഇംഗ്ലണ്ടിലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നിന്ന് 85 വിക്കറ്റുകളാണ് നേടിയത്. ഇതില്‍ ഒരിന്നിംഗ്സ് തോല്‍വി ഉള്‍പ്പെടുകയും ചെയ്യുന്നു. ഓസ്ട്രേലിയയിലെ അഡിലെയ്ഡില്‍ ഓസീസ് ബാറ്റ്സ്മാന്മാരെ രണ്ട് വട്ടം പുറത്താക്കി ഇന്ത്യ വിജയം കൊയ്തപ്പോള്‍ ഇന്ത്യന്‍ ബൗളിംഗിലെ മാറ്റമാണ് ഇത് പ്രകടമാക്കുന്നത്.
ബൗളര്‍മാരുടെ നിരന്തരമായ അദ്ധ്വാനമാണ് ഈ മികവിനു പിന്നിലെന്നാണ് ഇന്ത്യയുടെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ പറയുന്നത്. സ്ഥിരതയായിരുന്നു മുമ്പത്തെ പ്രശ്നം. അത് തന്നെയാണ് ലക്ഷ്യം വെച്ച് ബൗളര്‍മാരിപ്പോള്‍ കഠിന പ്രയത്നത്തില്‍ ഏര്‍പ്പെടുന്നത്. പെര്‍ത്തിലെ പേസ് ബൗളിംഗിനു ഏറെ അനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ഏറെ നിര്‍ണ്ണായകമാകുമെന്ന് ഉറപ്പാണ്.
വിദേശ പിച്ചുകളിലെ ഈ ഇന്ത്യന്‍ മാറ്റം ഭാവിയില്‍ ഒട്ടനവധി വിജയങ്ങളും ഈ വിജയങ്ങളെ പരമ്പര വിജയങ്ങളുമാക്കി മാറ്റുവാന്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കുമെന്നും ഭരത് അഭിപ്രായപ്പെട്ടു.