ഇന്ത്യയ്ക്കായി രണ്ട് അര്‍ദ്ധ ശതകങ്ങളാണ് ഏകദിന പരമ്പരയില്‍ ശ്രേയസ്സ് അയ്യര്‍ നേടിയത്. ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയ്ക്കൊപ്പമെത്തി ഇന്ത്യയ്ക്കായി നിര്‍ണ്ണായകമായ റണ്‍സ് നേടിയാണ് തനിക്ക് ലഭിച്ച അവസരം ശ്രേയസ്സ് അയ്യര്‍ മുതലാക്കിയത്. രണ്ടാം ഏകദിനത്തില്‍ താരം 71 റണ്‍സ് നേടിയപ്പോള്‍ ഇന്നലെ 65 റണ്‍സാണ് അയ്യരുടെ സംഭാവന. വെറും 41 പന്തില്‍ നിന്ന് 3 ഫോറും 5 സിക്സും സഹിതമായിരുന്നു ശ്രേയസ്സ് അയ്യരുടെ പ്രകടനം. ഇന്ത്യയുടെ 6 വിക്കറ്റ് വിജയത്തില്‍ വിരാട് കോഹ്‍ലിയുടെ ശതകത്തിനൊപ്പം തന്നെ ഏറെ നിര്‍ണ്ണായകമായിരുന്ന പ്രകടനമായിരുന്നു ശ്രേയസ്സ് അയ്യരുടെയും.
താരം മധ്യ നിരയിലെ ശക്തമായ അവകാശവാദമാണ് ഈ ഇന്നിംഗ്സുകള്‍ വഴി നടത്തിയിരിക്കുന്നതെന്നാണ് വിരാട് കോഹ്‍ലി അഭിപ്രായപ്പെട്ടത്. 24 വയസ്സുകാരന്‍ മധ്യ നിരയില്‍ ബാറ്റ് വീശിയത് വളരെ ഏറെ ആത്മവിശ്വാസത്തോടെയാണെന്നാണ് കോഹ്‍ലി പറഞ്ഞത്. അത് ടീമിന് ഏറെ ഗുണം ചെയ്ത കാര്യമാണ്. താരത്തെ ഇനി അവഗണിക്കുന്നത് ഏറെ പ്രയാസകരമാണെന്നും മധ്യ നിരയിലെ സ്ഥിരം സാന്നിദ്ധ്യമായി താരം മാറുമെന്നും അപ്പോളെല്ലാം ഇത് പോലെ തന്നെ ആത്മവിശ്വാസത്തോടെ ബാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിരാട് കോഹ്‍ലി പറഞ്ഞു.
രണ്ട് തവണ താരം ബാറ്റ് വീശിയപ്പോളും താന്‍ ക്രീസിലുണ്ടായിരുന്നുവെന്നും തന്റെ കളിയെക്കുറിച്ച് വ്യക്തമായ ബോധവും ആത്മവിശ്വാസവും താരത്തില്‍ താന്‍ കണ്ടുവെന്നും കോഹ്‍ലി പറഞ്ഞു. ഇത് വളരെ വലിയ കാര്യമാണെന്നും ഇന്ത്യന്‍ ടീമിനും താരം ഇത് തുടര്‍ന്നാല്‍ മികച്ച കാര്യമായിരിക്കുമെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി.