ഇന്ത്യ-പാക് ചാരിറ്റി സീരീസ് അല്ലാതെയും ഫണ്ട് സ്വരൂപിക്കുവാന്‍ മാര്‍ഗ്ഗമുണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കോവിഡ് പ്രതിരോധത്തിന് ഷൊയ്ബ് അക്തറിന്റെ ആശയമായ ഇന്ത്യ-പാക് പരമ്പരയെന്ന നിര്‍ദ്ദേശമല്ലാതെയും പല രീതിയില്‍ ഫണ്ട് കണ്ടെത്താനാകുമെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ദുബായിയില്‍ ഒരു പരമ്പര നടത്തണമെന്നായിരുന്നു ഷൊയ്ബ് അക്തറിന്റെ ആവശ്യം. എന്നാല്‍ ഈ ആശയത്തെ വിമര്‍ശിച്ചും അനുകൂലിച്ചും പല മുന്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോളത്തെ നിലയില്‍ ഇത്തരം ഒരു പരമ്പര കൂടുതല്‍ അപകട സ്ഥിതിയുണ്ടാക്കുമെന്നും താരങ്ങള്‍ക്ക് രോഗം പിടിപ്പെടുത്തുന്നതിന് കാരണമായേക്കുമെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്. ഹര്‍ഭജന്‍ സിംഗ് പറയുന്നത് ഇപ്പോള്‍ ക്രിക്കറ്റ് മത്സരത്തിന് അനുകൂലമായ സാഹചര്യം അല്ലെന്നാണ്. ക്രിക്കറ്റ് നടന്നാലും കാണികള്‍ക്ക് വരാനാകാത്ത സ്ഥിതിയാണെങ്കില്‍ എന്ത് ചെയ്യാനാകുമെന്ന് താരം ചോദിച്ചു.

ഇപ്പോള്‍ ക്രിക്കറ്റിന് അവസാന സ്ഥാനമാണ് നല്‍കേണ്ടത്. പണം കണ്ടെത്തുവാന്‍ വേറെ പല വഴിയുമുണ്ട്. ക്രിക്കറ്റ് പരമ്പര സംഘടിപ്പിക്കുകയല്ല വേണ്ടതെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഹര്‍ഭജനും ഭാര്യയും തങ്ങളുടെ നാടായ ജലന്തറില്‍ 5000 പാവപ്പെട്ട കുടുംബങ്ങളെ സഹായിച്ച് വരികയാണ്. താരം പഞ്ചാബില്‍ ഇല്ലെങ്കിലും സുഹൃത്തുക്കള്‍ വഴിയാണ് ഇത് നടപ്പിലാക്കുന്നത്.

അടുത്തിടെ ഷാഹിദ് അഫ്രീദിയുടെ ഫൗണ്ടേഷന് സംഭാവന നല്‍കുവാന്‍ ആവശ്യപ്പെട്ടതിന് താരം ആരാധകരില്‍ നിന്ന് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ആര് എന്ത് പറഞ്ഞാലും മനുഷ്യത്വത്തിനാണ് പ്രാധാന്യമെന്നും താന്‍ ഇത്തരം  കാര്യങ്ങളെ പിന്തുണയ്ക്കുമെന്നും ഹര്‍ഭജന്‍ അറിയിച്ചു.