ഏറെ പഴികേട്ട ഒരു തിരഞ്ഞെടുപ്പായിരുന്നു ഹനുമ വിഹാരിയുടേത്. ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ കരുണ്‍ നായര്‍ക്ക് പകരം താരത്തിനെ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ താരത്തിനെ തിരഞ്ഞെടുത്തതിനല്ല പക്ഷേ ടീമില്‍ ആദ്യം മുതലെ തന്നെയുള്ള കരുണ്‍ നായരെ ഒഴിവാക്കിയതിലുള്ള പ്രതിഷേധമെന്ന രീതിയില്‍ വേണം കണക്കിലാക്കുവാനെന്നാണ് മനസ്സിലാക്കുന്നത്. തന്നെ സെലക്ഷനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായാണ് ഇന്ത്യന്‍ നിരയിലേക്ക് എത്തിയ ഹനുമ വിഹാരി ബാറ്റ് വീശിയത്.
അജിങ്ക്യ രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ വിഹാരിയും വിരാട് കോഹ്‍ലിയും ചേര്‍ന്ന് ഇന്ത്യയ്ക്കായി റണ്‍സ് നേടിയ ശേഷം കോഹ്‍ലി അഞ്ചാം വിക്കറ്റായി പുറത്തായി. ഏറെ വൈകാതെ ഋഷഭ് പന്തും മടങ്ങിയെങ്കിലും പിന്നീട് ഇന്ത്യന്‍ പ്രതീക്ഷകളെ മുന്നോട്ട് നയിച്ചത് വിഹാരിയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ്.
അരങ്ങേറ്റത്തില്‍ തന്റെ ടെസ്റ്റ് അര്‍ദ്ധ ശതകവുമായി ഹനുമ വിഹാരി തന്റെയും ഇന്ത്യയുടെയും ടെസ്റ്റ് സ്വപ്നങ്ങളെയാണ് മുന്നോട്ട് നയിക്കുന്നത്. താരത്തിനു തന്റെ അര്‍ദ്ധ ശതകത്തിനെ ശതകമാക്കി മാറ്റുവാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
72 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 220/6 എന്ന നിലയിലാണ്. 50 റണ്‍സുമായി വിഹാരിയും 28 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍ നില്‍ക്കുന്നത്.