മടങ്ങി വരവില്‍ ശതകവുമായി ഗുപ്ടില്‍, ന്യൂസിലാണ്ടിനു പടുകൂറ്റന്‍ സ്കോര്‍

Sports Correspondent

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ 371 റണ്‍സ് നേടി ന്യൂസിലാണ്ട്. ഏഴ് വിക്കറ്റുകളാണ് ന്യൂസിലാണ്ടിനു നഷ്ടമായത്. മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ശതകത്തിനൊപ്പം കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍ എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ കൂടിയായപ്പോള്‍ ശ്രീലങ്കന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത് ന്യൂസിലാണ്ട് വലിയ സ്കോര്‍ നേടുകയായിരുന്നു. ആദ്യ ഓവറുകള്‍ക്കുള്ളില്‍ തന്നെ കോളിന്‍ മണ്‍റോയെ(13) ന്യൂസിലാണ്ടിനു നഷ്ടമായെങ്കിലും വില്യംസണും ഗുപ്ടിലും ചേര്‍ന്ന് 163 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടുകയായിരുന്നു. രണ്ടാം വിക്കറ്റായി പുറത്തായത് 76 റണ്‍സ് നേടിയ കെയിന്‍ വില്യംസണായിരുന്നു. ഗുപ്ടില്‍ മത്സരത്തില്‍ നേടിയത് തന്റെ 14ാം ഏകദിന ശതകമാണ്.

138 റണ്‍സ് നേടി പുറത്താകുന്നതിനു മുമ്പ് മാര്‍ട്ടിന്‍ ഗുപ്ടില്‍ റോസ് ടെയിലറുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 78 റണ്‍സ് നേടിയിരുന്നു. റോസ് ടെയിലര്‍ 54 റണ്‍സ് നേടി പുറത്തായി. 13 പന്തില്‍ 47 റണ്‍സ് നേടി ജെയിംസ് നീഷവും അവസാന ഓവറുകളില്‍ റണ്‍മല തീര്‍ക്കുവാന്‍ സഹായിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി ലസിത് മലിംഗയും തിസാര പെരേരയും നുവാന്‍ പ്രദീപും രണ്ട് വീതം വിക്കറ്റ് നേടി.