പ്രതിഫല തുകയിൽ കുടിശ്ശിക, പ്രതിഷേധവുമായി യുവരാജ് സിംഗും സംഘവും

jithinvarghese

ഗ്ലോബൽ T20 കാനഡ ടൂർണമെന്റ് വിവാദത്തിൽ. പ്രതിഫല തുക നൽകാൻ സംഘാടകർ വീഴ്ച്ച വരുത്തിയതിനെ തുടർന്ന് ടീമുകൾ കളത്തിലിറങ്ങിയില്ല. മുൻ ഇന്ത്യൻ സൂപ്പർ താരം യുവരാജ് സിംഗിന്റെ ടോറോന്റോ നാഷണൽസും ജോർജ്ജ് ബെയ്ലിയുടെ മോണ്ട്രിയൽ ടൈഗേഴ്സും തമ്മിലായിരുന്നു ഇന്ന് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രതിഫല തുക കുടിശ്ശിക വരുത്തിയതിന് തുടർന്ന് മത്സരം രണ്ട് മണിക്കൂറോളം വൈകിയിരിക്കുകയാണ്.

ഇരു ടീമുകളിലേയും താരങ്ങൾ പ്രതിഷേധവുമായി രംഗത്തുണ്ട്. പ്രതിഫലം തുകയിലെ കുടിശ്ശിക നൽകിയാൽ മാത്രമേ താരങ്ങൾ കളത്തിലിറങ്ങൂ എന്ന നിലപാടിലാണ്. പ്രമുഖ‌മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടൂർണമെന്റിന് മുൻപ് 10-15% പ്രതിഫല തുകയും ആദ്യ റൗണ്ട് അവസാനിച്ചതിന് ശേഷം 75% ഓളം തുകയും നൽകാമെന്നായിരുന്നു കരാർ. എന്നാൽ ഞായറാഴ്ച ആദ്യ റൗണ്ട് കഴിഞ്ഞെങ്കിലും പ്രതിഫല തർക്കം അവസാനിച്ചില്ല. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ താരങ്ങൾക്ക് സമ്മാന തുകപോലും സംഘാടകർ നൽകിയിട്ടില്ല. ഇന്നത്തെ മത്സരം നടന്നില്ലെങ്കിൽ യുവരാജിനും ടോറോന്റോ നാഷണൽസിനും പ്ലേ ഓഫിലേക്കുള്ള സാധ്യതകൾ അടയും. ആഗസ്റ്റ് 30 നു ആരംഭിക്കാനിരിക്കുന്ന യൂറോ T20 യുടേയും സംഘാടകർ തന്നെയാണ് ഗ്ലോബൽ T20 കാനഡയുടേയും സംഘാടകർ.