മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെ 18 റണ്‍സ് വിജയം സ്വന്തമാക്കി വാന്‍കോവര്‍ നൈറ്റ്സ്. ടൂര്‍ണ്ണമെന്റിലെ എട്ടാം മത്സരത്തില്‍ ടോസ് നേടി മോണ്ട്രിയല്‍ ടൈഗേഴ്സ് നായകന്‍ ലസിത് മലിംഗ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റാസി വാന്‍ ഡെര്‍ ഡൂസന്‍ പുറത്താകാതെ നേടിയ 83 റണ്‍സിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നൈറ്റ്സ് നേടിയത്.
56 പന്തില്‍ 6 ബൗണ്ടറിയും 5 സിക്സുമാണ് താരം നേടിയത്. മറ്റു താരങ്ങളില്‍ ആരും കാര്യമായ പ്രഭാവമുണ്ടാക്കിയില്ലെങ്കിലും പൊരുതാവുന്ന സ്കോറിലേക്ക് റാസി ടീമിനെ നയിച്ചു. ലസിത് മലിംഗ മൂന്നും പീറ്റര്‍ സിഡില്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനെ ഒരു വിക്കറ്റ് നേടി. 4 ഓവറില്‍ 19 റണ്‍സ് മാത്രമാണ് താരം വിട്ടു നല്‍കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ടൈഗേഴ്സ് 19.4 ഓവറില്‍ 148 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ജോര്‍ജ്ജ് വര്‍ക്കര്‍ 43 റണ്‍സും മോയിസസ് ഹെന്‍റിക്കസ് 40 റണ്‍സും നേടി പൊരുതിയെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത ശേഷം ആര്‍ക്കും കാര്യമായ പ്രഭാവമുണ്ടാക്കാനായില്ല. ടിം സൗത്തിയും സാദ് ബിന്‍ സഫറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷെല്‍ഡണ്‍ കോട്രെല്‍ രണ്ടും ഫവദ് അഹമ്മദ്, ആന്‍ഡ്രേ റസ്സല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial