കഴിഞ്ഞ വർഷം മൂന്ന് സെഞ്ച്വറികൾ നേടിയിട്ടും സഞ്ജു സാംസൺ ടി20ഐ മത്സരങ്ങളിൽ ബെഞ്ചിലിരിക്കുന്നത് വേദനിപ്പിക്കുന്നു എന്ന് മുൻ ഇന്ത്യൻ ബാറ്റർ സുബ്രഹ്മണ്യം ബദ്രിനാഥ് അഭിപ്രായപ്പെട്ടു. മോശം ഫോമിലായിട്ടും ശുഭ്മാൻ ഗില്ലിനെ എന്തുകൊണ്ടാണ് വൈസ് ക്യാപ്റ്റനായും ഓപ്പണറായും നിലനിർത്തുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
മുള്ളൻപൂരിൽ നടന്ന രണ്ടാം ടി20ഐയിൽ ഗിൽ പൂജ്യത്തിനും, ആദ്യ മത്സരത്തിൽ നാലിനും പുറത്തായിരുന്നു. കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളിൽ ഇത് മൂന്നാം തവണയാണ് ഗിൽ ഒറ്റയക്കത്തിന് പുറത്താകുന്നത്. എന്നിട്ടും ഗൗതം ഗംഭീർ നയിക്കുന്ന മാനേജ്‌മെന്റ് അദ്ദേഹത്തിൽ വിശ്വാസം അർപ്പിക്കുകയാണ്. ഇതോടെ ഫലപ്രദമായ സഞ്ജു-അഭിഷേക് ശർമ്മ ഓപ്പണിംഗ് കൂട്ടുകെട്ട് തകരുകയും, സഞ്ജുവിനെ താഴെയുള്ള സ്ഥാനത്തേക്ക് മാറ്റുകയും ഒടുവിൽ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
“സഞ്ജു സാംസൺ മൂന്ന് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. നമ്മൾ സംസാരിക്കുന്നത് ടി20 ക്രിക്കറ്റിനെക്കുറിച്ചാണ്, ടി20യിൽ അദ്ദേഹത്തിന് മൂന്ന് സെഞ്ച്വറികളുണ്ട്. ഒരു കളിക്കാരനിൽ നിന്ന് നിങ്ങൾക്ക് ഇതിൽ കൂടുതലെന്താണ് വേണ്ടത്? നന്നായി കളിച്ച ഒരു കളിക്കാരൻ ബെഞ്ചിലിരിക്കുന്നത് കാണുന്നത് വേദനാജനകമാണ്,” ബദ്രിനാഥ് സ്റ്റാർ സ്പോർട്സ് തമിഴിനോട് പറഞ്ഞു.
ഇതിനെ ക്രിസ് ശ്രീകാന്തും പിന്തുണച്ചു. സഞ്ജുവിൻ്റെ 183 സ്‌ട്രൈക്ക് റേറ്റിനെതിരെ ഗില്ലിൻ്റെ 136 സ്‌ട്രൈക്ക് റേറ്റ് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് 214 റൺസ് ചേസ് ചെയ്യുമ്പോൾ അക്ഷർ പട്ടേലിനെ മൂന്നാം നമ്പറിൽ ഇറക്കിയത് ഉൾപ്പെടെയുള്ള ടീം തിരഞ്ഞെടുപ്പുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും ശ്രീകാന്ത് പറഞ്ഞു.