2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെയും ജിതേഷ് ശർമ്മയെയും ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനം അവിശ്വസനീയമാണെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ പ്രതികരിച്ചു. ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനും ടി20 ടീമിലെ മുൻ വൈസ് ക്യാപ്റ്റനുമായ ഗില്ലിനെ പുറത്താക്കി പകരം ഇഷാൻ കിഷനെയും റിങ്കു സിംഗിനെയും ടീമിലേക്ക് തിരികെ വിളിച്ച നീക്കത്തെ “വിചിത്രം” എന്നാണ് ഉത്തപ്പ വിശേഷിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ 137 സ്‌ട്രൈക്ക് റേറ്റിൽ 24.25 ശരാശരിയിൽ മാത്രം റൺസ് കണ്ടെത്താനായതാണ് ഗില്ലിന് തിരിച്ചടിയായത്. മോശം ഫോമിലാണെങ്കിലും ഒരു മൂന്നാം ഓപ്പണറായി ഗില്ലിനെ ടീമിൽ പ്രതീക്ഷിച്ചിരുന്നുവെന്നും ഇത്തരം അപ്രതീക്ഷിത തീരുമാനങ്ങൾ കളിക്കാർക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും ഉത്തപ്പ ആശങ്ക പ്രകടിപ്പിച്ചു.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്ഷർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ലോകകപ്പിന് മുന്നോടിയായി ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിലാണ് ഈ ടീം ആദ്യം കളത്തിലിറങ്ങുന്നത്. മികച്ച താരങ്ങളെയാണ് ടീമിലെടുത്തിട്ടുള്ളതെങ്കിലും ഗില്ലിനെപ്പോലൊരു താരത്തെ തഴഞ്ഞത് കടുത്ത തീരുമാനമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









