കേരളത്തിലെ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് വേണ്ടി കപ്പ് നേടുമെന്ന് ക്രിസ് ഗെയ്ൽ

കേരളത്തെ ദുരിതത്തിലാക്കിയ പ്രളയത്തിൽ അകപെട്ടവർക്ക് വേണ്ടി ടി10 കിരീടം നേടാൻ വേണ്ടിയാണ് താൻ നിലവിലെ ജേതാക്കളായ കേരള നൈറ്റ്സിൽ ചേർന്നതെന്ന് നിശ്ചിത ഓവർ ക്രിക്കറ്റിലെ മിന്നും താരം ക്രിസ് ഗെയ്ൽ. ഷാർജയിൽ നടക്കുന്ന ടി10 ക്രിക്കറ്റിലെ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കേരളം നൈറ്റ്സ് ഇത്തവണ നൈറ്റ്സ് എന്ന പേരിലാണ് കളിക്കാൻ ഇറങ്ങുന്നത്.

പ്രളയത്തിൽ അകപ്പെട്ട കേരള ജനതക്ക് ടി10 കിരീടം നേടി കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണു താൻ ഈ വർഷം കേരള നൈറ്റ്സിൽ ചേർന്നതെന്നും ക്രിസ് ഗെയ്ൽ പറഞ്ഞു. ഐ.പി.എല്ലിൽ കളിക്കുന്ന സമയത്ത് താൻ കേരളത്തിൽ പോയിട്ടുണ്ടെന്നും കേരളത്തിലെ ഭക്ഷണവും സംസ്കാരവും തനിക്ക് ഏറെ പ്രിയപെട്ടതാണെന്നും ഗെയ്ൽ പറഞ്ഞു. കേരളത്തിൽ തനിക്ക് ഒരുപാടു സുഹൃത്തുക്കൾ ഉണ്ടെന്നും അതിൽ ഒരാളാണ് കേരള രഞ്ജി താരം സച്ചിൻ ബേബിയെന്നും ഗെയ്ൽ പറഞ്ഞു. പ്രളയ സമയത്ത് കേരളത്തിന് സഹായം തേടി സച്ചിൻ ബേബി തന്നെ സമീപിച്ചിരുന്നെന്നും ഗെയ്ൽ പറഞ്ഞു.

ക്രിക്കറ്റിലെ ഏത് ഒരു ഫോർമാറ്റും തനിക്ക് ഒരുപോലെയാണെന്നും കഴിഞ്ഞ തവണയാണ് ടി10 ടൂർണമെന്റിൽ തനിക്ക് പങ്കെടുക്കാൻ സാധിച്ചില്ലെന്നും ഗെയ്ൽ പറഞ്ഞു.