ഇംഗ്ലണ്ടിനെതിരെ ബാര്‍ബഡോസിലെ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെയൊപ്പം ഡാരെന്‍ ബ്രാവോയും ഷായി ഹോപും തകര്‍ത്തടിച്ച മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സാണ് നേടിയത്. ജോണ്‍ കാംപെലിനെ(30) വേഗം നഷ്ടമായെങ്കിലും പിന്നീട് മെല്ലെ തുടങ്ങിയ ഗെയിലും ഷായി ഹോപും ചേര്‍ന്ന് വിന്‍ഡീസിനു മികച്ച നിലയിലേക്ക് എത്തിയ്ക്കുകയായിരുന്നു.
രണ്ടാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ശേഷം 64 റണ്‍സ് നേടിയ ശേഷം ഷായി ഹോപ് പുറത്തായെങ്കിലും ഗെയില്‍ തന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം തുടര്‍ന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം സിക്സ് നേടുന്ന താരമെന്ന റെക്കോര്‍ഡും തന്റെ 24ാം ശതകവും നേടി ഗെയില്‍ മുന്നോട്ട് നയിച്ചപ്പോള്‍ ഷിമ്രണ്‍ ഹെറ്റ്മ്യറെയും അരങ്ങേറ്റക്കാരന്‍ നിക്കോളസ് പൂരനെയും ടീമിനു വേഗത്തില്‍ നഷ്ടമായി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ പൂരന് പൂജ്യത്തിലാണ് പുറത്തായത്.
ഗെയിലിനു കൂട്ടായി ഡാരെന്‍ ബ്രാവോ എത്തിയതോടെ വിന്‍ഡീസ് വീണ്ടും തകര്‍ത്തടി തുടങ്ങുകയായിരുന്നു. ബ്രാവോ 30 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയപ്പോള്‍ ഗെയില്‍ 129 പന്തില്‍ നിന്നാണ് തന്റെ 135 റണ്‍സ് നേടിയത്. ഗെയില്‍ 12 സിക്സുകളും ബ്രാവോ 4 സിക്സുമാണ് മത്സരത്തില്‍ നിന്ന് നേടിയത്. അവസാന ഓവറുകളില്‍ 8 പന്തില്‍ നിന്ന് 25 റണ്‍സ് നേടി പുറത്താകാതെ നിന്ന് ആഷ്ലി നഴ്സും വിന്‍ഡീസിനു വേണ്ടി മികവ് പുലര്‍ത്തി.
ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റും ക്രിസ് വോക്സ് രണ്ട് വിക്കറ്റും നേടി. ഇംഗ്ലണ്ട് ബൗളര്‍മാരില്‍ റണ്‍സ് വിട്ടുകൊടുക്കാതെ മികച്ച് നിന്നത് സ്റ്റോക്സ് മാത്രമാണ്. 8 ഓവറില്‍ നിന്ന് 37 റണ്‍സാണ് താരം മൂന്ന് വിക്കറ്റ് നേടുവാന്‍ വിട്ട് നല്‍കിയത്.