ഇന്ത്യൻ പരിശീലകനാവാൻ ആര് വേണമെന്ന് പറയാനുള്ള അവകാശം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസ് പരമ്പരക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.
ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സൗരവ് ഗാംഗുലി രംഗത്തെത്തിയത്. വിരാട് കോഹ്‌ലി ക്യാപ്റ്റൻ ആണെന്നും അത് കൊണ്ട് തന്നെ അത് പറയാനുള്ള അവകാശം താരത്തിനുണ്ടെന്നും ഗാംഗുലി പറഞ്ഞു. 2017 ൽ രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലെ അംഗമായിരുന്നു സൗരവ് ഗാംഗുലി. നിലവിൽ കപിൽ ദേവിന്റെ നേതൃത്തിലുള്ള സംഘമാണ് പുതിയ ഇന്ത്യൻ പരിശീലകനെ നിയമിക്കുക.
വെസ്റ്റിൻഡീസ് പരമ്പരയോട് കൂടി ഇന്ത്യൻ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി കഴിയും. ഇതിനെ തുടർന്ന് പുതിയ പരിശീലകരെ തേടി ബി.സി.സി.ഐ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഏകദേശം 2000 അപേക്ഷകൾ ഇത് പ്രകാരം ബി.സി.സി.ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.