വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ യുവ താരം ശുബ്മാൻ ഗില്ലിനെയും വെറ്ററൻ താരം അജിങ്കെ രഹാനെയെയും ഒഴിവാക്കിയ ബി.സി.സി.ഐ നടപടിയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സോഷ്യൽ മീഡിയയിലൂടെയാണ് ഗാംഗുലി താരങ്ങളെ പുറത്തിരുത്തിയതിനെ പറ്റി പ്രതികരിച്ചത്. വെറ്ററൻ താരം അജിങ്കെ രഹാനെക്ക് ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ചിരുന്നു. ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് പിന്നിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആണ് രഹാനെ.
ലോകകപ്പിൽ ഇന്ത്യൻ മധ്യ നിരയുടെ പ്രകടനത്തിൽ ആരും തൃപ്തരല്ലെന്ന് ഇരിക്കെ രഹാനെയെ പോലെ മധ്യ നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരത്തെ പുറത്തിരുത്തിയത് ശെരിയായില്ലെന്നാണ് ഗാംഗുലിയുടെ വിലയിരുത്തൽ. കൂടാതെ വ്യത്യസ്‍ത ഫോർമാറ്റുകൾ വ്യത്യസ്‍ത താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെയും ഗാംഗുലി വിമർശിച്ചു.
എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടി ഓരോ ഫോര്മാറ്റിലും വ്യത്യസ്ത താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതി നിർത്തണമെന്നും എല്ലാ ഫോർമാറ്റിലേക്കും ഒരേ താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതി വേണമെന്നും ഗാംഗുലി പറഞ്ഞു. ഒരേ താരങ്ങളെ എല്ലാ ഫോർമാറ്റിലും തിരഞ്ഞെടുക്കുമ്പോൾ മാത്രമേ കളിക്കാർക്ക് താളവും ആത്മവിശ്വാസവും ലഭിക്കുകയുള്ളുവെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.