മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ ബി ജെ പിയിൽ നിന്ന് രാജിവെച്ചു. താൻ രാഷ്ട്രീയം വിടുകയാണെന്നും ഇനി രാഷ്ട്രീയത്തിൽ ഉണ്ടാകില്ല എന്നും താരം പറഞ്ഞു. ക്രിക്കറ്റിൽ ശ്രദ്ധ കൊടുക്കാൻ ആണ് ഈ തീരുമാനം എന്നും ഗംഭീർ പറഞ്ഞു. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തലപ്പത്ത് ഇരിക്കുന്ന ഗംഭീർ കെ കെ ആറിനെ ഐ പി എല്ലിൽ കിരീടത്തിലേക്ക് എത്തിക്കാൻ ആകും തന്റെ പൂർണ്ണ ശ്രദ്ധ ഇനി കൊടുക്കുക.
രാഷ്ട്രീയ ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കാൻ താൻ ജെ പി നഡ്ഡയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ജനങ്ങളെ സേവിക്കാൻ തനിക്ക് അവസരം നൽകിയതിന് ബി ജെ പിയോടും പ്രധാനനന്ത്രി നരേന്ദ്ര മോഡിയോടും അമിത് ഷായോടും നന്ദി പറയുന്നു എന്നും ഗംഭീർ കുറിച്ചു.
വരാൻ പോകുന്ന ലോക്സഭാ ഇലക്ഷനിൽ ഗംഭീർ പങ്കെടുക്കില്ല എന്ന് ഇതോടെ വ്യക്തമായി. 2019ൽ ആയിരുന്നു ഗംഭീർ ബി ജെ പിയിൽ ചേർന്നത്. ഈസ്റ്റ് ഡെൽഹിയിൽ നിന്ന് മത്സരിച്ച് വിജയിച്ച് എം പി ആവുകയും ചെയ്തിരുന്നു.