ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ നാലാം ദിവസം അവസാനിക്കുമ്പോള്‍ 224/7 എന്ന നിലയിൽ ന്യൂസിലാണ്ട്. ലീഡ് ഇരുനൂറ് കടന്നുവെങ്കിലും ടീമിന് 7 വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. മത്സരത്തിന്റെ അവസാന ദിവസം എത്ര റൺസ് കൂടി നേടി ഇംഗ്ലണ്ടിന് എത്ര വിജയലക്ഷ്യം നൽകുമെന്നത് അനുസരിച്ചാവും മത്സരത്തിന്റെ ഫലം. നിലവിൽ 238 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ പക്കലുള്ളത്. 32 റൺസുമായി ഡാരിൽ മിച്ചലും 8 റൺസ് നേടി മാറ്റ് ഹെന്‍റിയുമാണ് ക്രീസിലുള്ളത്.
ടോം ലാഥമിനെ തുടക്കത്തിലെ നഷ്ടമായ ശേഷം വിൽ യംഗ്, ഡെവൺ കോൺവേ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ന്യൂസിലാണ്ടിനെ മുന്നോട്ട് നയിച്ചത്. 52 റൺസ് നേടിയ കോൺവേ പുറത്തായപ്പോളാണ് നൂറ് റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത്.
അധികം വൈകാതെ 56 റൺസ് നേടിയ വിൽ യംഗും പുറത്തായി. ടോം ബ്ലണ്ടൽ(24), മൈക്കൽ ബ്രേസ്വെൽ(25) എന്നിവരെ പുറത്താക്കി ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് മത്സരത്തിൽ നടത്തുകയായിരുന്നു.