സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും വിലക്ക് മാര്‍ച്ച് 29, 2019നു അവസാനിക്കാനിരിക്കെ താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഉടനെ തിരികെ എത്തിക്കണമോ വേണ്ടയോ എന്നതില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ താരങ്ങളുടെ വിലക്ക് മാറിയ ശേഷം നടക്കാനിരിക്കെ ഇരുവരെയും ആ മത്സരങ്ങള്‍ക്ക് ടീമില്‍ കളിപ്പിക്കണോ എന്നതില്‍ തനിക്ക് ഉറപ്പില്ല എന്നാണ് ആരോണ്‍ ഫിഞ്ചിന്റെ മറുപടി.
അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങള്‍ മാര്‍ച്ച് 29, 31 തീയ്യതികളിലാണ് നടക്കാനിരിക്കുന്നത്. അതിനാല്‍ തന്നെ മാര്‍ച്ച് 29ലെ മത്സരത്തില്‍ താരങ്ങള്‍ കളിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് ഫിഞ്ചിന്റെ മറുപടി. ഒരു മത്സരത്തിലേക്ക് മാത്രമായി താരങ്ങളെ പരമ്പരയില്‍ ഉള്‍പ്പെടുത്തുമോ എന്നും തനിക്കറിയില്ലെന്ന് ഫിഞ്ച് പറഞ്ഞു.
സ്മിത്തും വാര്‍ണറും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. സ്മിത്തിനു കുറച്ചധിക കാലം വിശ്രമം ആവശ്യമായി വരികയും താരം അടുത്തിടെ വീണ്ടും നെറ്റ്സിലെത്തുകയുമായിരുന്നു. ഇരുവരും ഓസ്ട്രേലിയയുടെ ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകുമോ എന്നതിലും സംശയം ഉടലെടുത്തിരിക്കുന്ന സാഹചര്യമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിലുള്ളത്. വേണ്ടത്ര മാച്ച് പ്രാക്ടീസില്ലാത്തതും ഫോമില്ലായ്മയും താരങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തുന്നത്.