തകര്‍പ്പന്‍ സ്പെല്ലുമായി ബില്ലി സ്റ്റാന്‍ലേക്ക്, എറിഞ്ഞിട്ടത് നാല് പാക്കിസ്ഥാന്‍ വിക്കറ്റുകള്‍

Sports Correspondent

4 ഓവര്‍ 8 റണ്‍സ് നാല് വിക്കറ്റ്. ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയന്‍ മുന്‍ നിര പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിന്റെ സ്പെല്ലിന്റെ കണക്കുകളാണ് ഇത്. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിനു നല്‍കാവുന്ന ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ബില്ലി സ്റ്റാന്‍ലേക്ക് ഇന്ന് നല്‍കിയത്.

മുഹമ്മദ് ഫഹീസ്, ഫകര്‍ സമന്‍, ഹുസൈന്‍ തലത്ത്, സര്‍ഫ്രാസ് അഹമ്മദ് എന്നിങ്ങനെ നാല് പാക്കിസ്ഥാന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെയും ബില്ലി പുറത്താക്കി. ഇതില്‍ മൂന്ന് പേരെ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു ബില്ലി സ്റ്റാന്‍ലേക്ക്.

ടി20യില്‍ ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും പാക്കിസ്ഥാനെതിരെ തന്നെയാണ് വന്നിട്ടുള്ളത്. ജെയിംസ് ഫോക്നര്‍ 27 റണ്‍സിനു 5 വിക്കറ്റ് നല്‍കിയാണ് ടി20യില്‍ ഓസ്ട്രേലിയന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. അത് 2016 ലോക ടി20 മത്സരത്തിലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial