ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഫീൽഡിങ്ങിൽ വരുത്തിയ പിഴവുകളാണ് തിരിച്ചടിയായതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ ഇന്ത്യ പൊരുതാവുന്ന സ്കോറാണ് നേടിയതെന്നും എന്നാൽ അത് പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ടെന്നും രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ മുസ്താഫിഖുർ റഹീമിന്റെ ക്യാച്ച് ക്രൂണാൽ പാണ്ട്യ നഷ്ട്ടപെടുത്തിയിരുന്നു.
ഫീൽഡിങ് സമയത്ത് റിവ്യൂ ചെയ്തതിലും ഇന്ത്യക്ക് തെറ്റ് പറ്റിയെന്നും രോഹിത് ശർമ്മ സമ്മതിച്ചു. അതെ സമയം ഈ തെറ്റുകൾ എല്ലാം അടുത്ത മത്സരത്തിൽ തിരുത്താൻ കഴിയുമെന്നും രോഹിത് ശർമ്മ പറഞ്ഞു.
ഇന്ത്യക്കെതിരെ ടി20യിൽ ആദ്യമായി ജയം നേടിയ ബംഗ്ലാദേശിന്റെ പ്രകടനത്തെ കുറച്ചു കാണുന്നില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു. മത്സരത്തിൽ ഇന്ത്യയെ 148 റൺസിന് ഒതുക്കിയ ബംഗ്ലാദേശ് 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ രണ്ടാം ടി20 നവംബർ 7ന് രാജ്കോട്ടിൽ വെച്ച് നടക്കും.