ടീം മാനേജ്മെന്റിന്റെ വിശ്വാസമാണ് ഏറെ പ്രധാനം

Sports Correspondent

അമ്പാട്ടി റായിഡുവിനെ പിന്തള്ളി ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ട വിജയ് ശങ്കറിനു ഐപിഎലില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും ടീം മാനേജ്മെന്റിന്റെ വിശ്വാസമാണ് ഏറ്റവും പ്രധാനമെന്ന് പറഞ്ഞ് താരം. ഐപിഎലില്‍ 14 മത്സരങ്ങളില്‍ നിന്ന് 219 റണ്‍സ് നേടിയ താരത്തിനെ അമ്പാട്ടി റായിഡുവിനു പകരമാണ് പരിഗണിച്ചതെങ്കിലും ടീമില്‍ ഇടം ലഭിയ്ക്കാതെ പോയ മറ്റൊരു താരമായ ഋഷഭ് പന്തിനെ ഇരുവര്‍ക്കും പകരം നാലാം നമ്പറില്‍ പരിഗണിക്കാമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

പന്ത് 16 മത്സരങ്ങളില്‍ നിന്ന് 488 റണ്‍സാണ് നേടിയത്. റായിഡുവിനു അത്ര മികവ് പുലര്‍ത്താനായില്ലെങ്കിലും പന്തിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ ശങ്കറിനു പകരം പന്തിനെ ടീമിലെടുക്കണമെന്നാണ് ഇപ്പോളുയരുന്ന വാദം. താന്‍ മൂന്നാം നമ്പറില്‍ ന്യൂസിലാണ്ടിലെ ടി20 പരമ്പരയില്‍ ബാറ്റ് ചെയ്തപ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അത് തന്നില്‍ ടീമിനു വിശ്വാസം വരുവാന്‍ കാരണമായിട്ടുണ്ട്, അതാണ് ഏറ്റവും പ്രധാനം. തനിക്ക് തന്നെ ഏല്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാമെന്ന വിശ്വാസമുണ്ടെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

ഈ വിശ്വാസം തനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ടീമിന്റെ ആവശ്യമാണ് തന്റെ മുന്‍ഗണന, സാഹചര്യങ്ങളും മത്സരത്തിന്റെ അവസ്ഥയും അനുസരിച്ച് തന്റെ കളി മാറ്റുവാന്‍ തനിക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും താന്‍ ഈ അവസരങ്ങള്‍ ഏറെ ആസ്വദിക്കുന്നതിനാല്‍ തനിക്ക് യാതൊരുവിധ സമ്മര്‍ദ്ദവുമില്ലെന്ന് വിജയ് ശങ്കര്‍ പറഞ്ഞു.