ഈ പരമ്പരയിലെ പതിവു കാഴ്ചയാണ് കെന്നിംഗ്ടണ്‍ ഓവലിലും ഇന്നലെ ഇംഗ്ലണ്ടിന്റെ ബാറ്റിംഗിനിടയില്‍ കണ്ടത്. ടോപ് ഓര്‍ഡറിനെ മടക്കിയയ്ച്ച ശേഷം ഇംഗ്ലണ്ടിന്റെ വാലറ്റത്തിനോട് മുട്ട് മടക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയെയാണ് ഇന്നലെയും കണ്ടത്. 198/7 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് 332 റണ്‍സിലേക്ക് മുന്നേറിയപ്പോള്‍ പിഴച്ചത് ഇന്ത്യന്‍ ബൗളിംഗിനു തന്നെയാണ്. 130 റണ്‍സാണ് അവസാന മൂന്ന് വിക്കറ്റില്‍ ഇംഗ്ലണ്ട് നേടിയത്. ഇതില്‍ സ്റ്റുവര്‍ട് ബ്രോഡ്-ജോസ് ബട്‍ലര്‍ കൂട്ടുകെട്ടിന്റെ ചെറുത്ത്നില്പായിരുന്നു ശ്രദ്ധേയം. ബ്രോഡ് 38 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‍ലര്‍ 89 റണ്‍സുമായി അവസാന വിക്കറ്റായി പുറത്താവുകയായിരുന്നു.
തങ്ങളുടെ ഈ കഴിവുകേട് ഇപ്പോള്‍ ജസ്പ്രീത് ബുംറ തുറന്ന് പറഞ്ഞിരിക്കുകയാണ്. തങ്ങളുടെ പദ്ധതികള്‍ ഇംഗ്ലണ്ട് വാലറ്റത്തിനു മേല്‍ പ്രയോഗിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിഴച്ചുവെന്നാണ് ജസ്പ്രീത് ബുംറ പറഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാര്‍ ശരിയായ സ്ഥലങ്ങളില്‍ തന്നെയാണ് പന്തെറിഞ്ഞതെങ്കിലും ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാര്‍ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയതെന്ന് ബുംറ പറഞ്ഞു.
ടൂര്‍ണ്ണമെന്റില്‍ മിക്ക മത്സരങ്ങളിലും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയ ശേഷം വാലറ്റത്തെകൂട്ടുപിടിച്ച് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക് ഇംഗ്ലണ്ട് നീങ്ങുക പതിവായിരുന്നു. പലപ്പോഴും സാം കറന്‍ ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറിയപ്പോള്‍ കെന്നിംഗ്ടണ്‍ ഓവലില്‍ ഈ ദൗത്യം ജോസ് ബട്‍ലര്‍ ഏറ്റെടുക്കുകയായിരുന്നു.