ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം ടി20 മത്സരത്തിൽ 16 റൺസ് വിജയം നേടി വെസ്റ്റിന്‍ഡീസ്. മത്സരത്തിൽ എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെയൊപ്പം നിക്കോളസ് പൂരനും ക്രിസ് ഗെയിലുമെല്ലാം ചുരുക്കം ബോളുകളിൽ അടിച്ച് തകര്‍ത്തപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 199 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
34 പന്തിൽ 9 സിക്സുള്‍പ്പെടെ 79 റൺസാണ് ലൂയിസ് നേടിയത്. ഗെയിൽ 7 പന്തിൽ 21 റൺസും നിക്കോളസ് പൂരന്‍ 18 പന്തിൽ 31 റൺസും നേടി. ഓസ്ട്രേലിയന്‍ നിരയിൽ ആന്‍ഡ്രൂ ടൈ മൂന്നും മിച്ചൽ മാര്‍ഷ്, ആഡം സംപ എന്നിവര്‍ 2 വീതം വിക്കറ്റും നേടി.
ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരിൽ ആര്‍ക്കും വലിയൊരു ഇന്നിംഗ്സ് പുറത്തെടുക്കാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായത്. ഫിഞ്ച് 23 പന്തിൽ 34 റൺസും മിച്ചല്‍ മാര്‍ഷ് 15 പന്തിൽ 30 റൺസും നേടിയെങ്കിലും ഇന്നിംഗ്സ് തുടരാനാകാതെ പോയത് ഓസ്ട്രേലിയയുടെ ചേസിംഗിന്റെ താളം തെറ്റിച്ചു.
മാത്യു വെയിഡ്(26), മോയിസസ് ഹെന്‍റിക്സ്(21) എന്നിവരും പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് മാത്രമേ ടീമിന് നേടാനായുള്ളു. അവസാനക്കാരനായി ഇറങ്ങിയ ജോഷ് ഹാസൽവുഡ് 5 പന്തിൽ 13 റൺസ് നേടി.
വിന്‍ഡീസ് നിരയിൽ ഷെൽഡൺ കോട്രലും ആന്‍ഡ്രേ റസ്സലും മൂന്ന് വീതം വിക്കറ്റ് നേടി. ജയത്തോടെ പരമ്പര 4-1ന് ആധികാരിമായി വിന്‍ഡീസ് സ്വന്തമാക്കി.