ക്രിസ് ഗെയിലിനോടൊപ്പം ലോകകപ്പില്‍ വിന്‍ഡീസിനു വേണ്ടി ഓപ്പണിംഗിറങ്ങുക എവിന്‍ ലൂയിസാണെന്ന് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ താരത്തിനു വേണ്ടത്ര മാച്ച് പ്രാക്ടീസില്ലെന്ന കാര്യം ഒരു വിലങ്ങ് തടിയായി നില്‍ക്കുകയാണെങ്കിലും അത് മറികടക്കുവാന്‍ വേണ്ടത്ര പരിശീലനത്തില്‍ താരം ഏര്‍പ്പെടുന്നുണ്ടെന്നാണ് വിന്‍ഡീസ് ബോര്‍ഡിനോട് എവിന്‍ ലൂയിസ് നല്‍കിയ ഉറപ്പ്.
കഴിഞ്ഞ ജൂലായില്‍ ബംഗ്ലാദേശിനെതിരെ അവസാനമായി കളിച്ച ലൂയിസ് ഇപ്പോള്‍ ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിയ്ക്കുവാന്‍ അവസരം ലഭിയ്ക്കാതെ ബെഞ്ചില്‍ തന്നെയാണ് ടൂര്‍ണ്ണമെന്റ് അവസാനിക്കാറായ ഘട്ടത്തിലും നില്‍ക്കുന്നത്. ലോകകപ്പിനു മുമ്പ് ഇംഗ്ലണ്ടില്‍ നടക്കുന്ന സന്നാഹ മത്സരങ്ങളില്‍ താരത്തിനെ പരീക്ഷിക്കാമെന്ന പ്രതീക്ഷയിലാണിപ്പോള്‍ വിന്‍ഡീസ് ക്യാമ്പ്.
ഓപ്പണിംഗില്‍ ക്രിസ് ഗെയിലിനൊപ്പം ഏറെ മികവ് തെളിയിച്ച താരമാണ് എവിന്‍ ലൂയിസ്, അതിനാല്‍ തന്നെ താരത്തിന്റെ കഴിവുകളില്‍ ടീമിനു യാതൊരുവിധ സംശയവുമില്ല, കൂടാതെ താരം ടൂര്‍ണ്ണമെന്റ് പുരോഗമിക്കും തോറും പതിവായി ഫോം കണ്ടെത്തുന്നയാളാണെന്നതിനാല്‍ അതും വിന്‍ഡീസിനു ഗുണകരമാകുമെന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.
📹 | "I'm striking the ball well at the moment. Whenever I get a game, I want to perform." – Evin Lewis#OneFamily #CricketMeriJaan #MumbaiIndians pic.twitter.com/XqHvBjhAuh
— Mumbai Indians (@mipaltan) April 23, 2019
ലൂയിസ് തന്റെ കന്നി ലോകകപ്പിലാവും ഇംഗ്ലണ്ടില്‍ പങ്കെടുക്കുക. നെറ്റ്സില്‍ താന്‍ മികച്ച രീതിയില്‍ പന്ത് സ്ട്രൈക്ക് ചെയ്യുന്നുണ്ടെന്നും തനിക്ക് അവസരം ലഭിയ്ക്കുന്ന സമയത്ത് താന്‍ മികച്ച പ്രകടനം പുറത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പരിശീലനമാണ് നടത്തുന്നതെന്നാണ് വിന്‍ഡീസിന്റെയും ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും താരമായ എവിന്‍ പറഞ്ഞത്. ജിമ്മിലും ഓടത്തിലും നെറ്റ്സിലുമെല്ലാം താന്‍ മികച്ച രീതിയില്‍ പരീശീലനത്തില്‍ ഏര്‍പ്പെടുകയാണെന്നും എവിന്‍ വ്യക്തമാക്കി.