കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും പുറത്താകാതെ നിന്ന് ലഞ്ചിനായി പിരിയുമ്പോള്‍ ലങ്ക വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ശ്രമകരമെങ്കിലും അപ്രാപ്യമായൊരു ലക്ഷ്യമായിരുന്നില്ല അത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഒരു 50-60 റണ്‍സ് കൂടി നേടിയാല്‍ ടീമിനെ ജയിപ്പിക്കുവാന്‍ ശേഷിയുള്ള ബാറ്റ്സ്മാന്മാര്‍ നിരോഷന്‍ ഡിക്ക്വെല്ലയിലും ദില്‍രുവന്‍ പെരേരയിലുമുണ്ടെന്നായിരുന്നു ലങ്ക കണക്ക് കൂട്ടിയത്.
എന്നാല്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി ലഞ്ചിനു ശേഷം 102 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടിനൊടുവില്‍ കുശല്‍ മെന്‍ഡിസ് റണ്ണൗട്ട് രൂപത്തില്‍ പുറത്താകുകയായിരുന്നു. 86 റണ്‍സ് നേടിയ താരത്തെ റണ്ണൗട്ടാക്കുന്നതില്‍ ജാക്ക് ലീഷാണ് പങ്കു വഹിച്ചത്. മെന്‍ഡിസ് പുറത്താകുമ്പോള്‍ 184 റണ്‍സാണ് ശ്രീലങ്ക നേടിയത്.
ഏറെ വൈകാതെ നിരോഷന്‍ ഡിക്ക്വെല്ലയെയും(19) റോഷെന്‍ സില്‍വയെയും(65) പുറത്താക്കി ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. വാലറ്റത്തില്‍ മലിന്‍ഡ പുഷ്പകുമാര പൊരുതി നോക്കിയെങ്കിലും വിക്കറ്റുകള്‍ കൈവശമില്ലാത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി.
11 റണ്‍സ് നേടിയ സുരംഗ ലക്മലിനെ പുറത്താക്കി ജാക്ക് ലീഷ് തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മറുവശത്ത് മലിന്‍ഡ പുഷ്പകുമാര 42 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 284 റണ്‍സിനാണ് ശ്രീലങ്ക 86.4 ഓവറില്‍ പുറത്തായത്. 42 റണ്‍സിന്റെ വിജയമാണ് മത്സരത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
ജാക്ക് ലീഷിനൊപ്പം നാല് വിക്കറ്റുമായി മോയിന്‍ അലിയും ഇംഗ്ലണ്ടിനു മികച്ച പിന്തുണ നല്‍കി.