ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം ജോണി ബൈര്‍സ്റ്റോ – സാം ബില്ലിംഗ്സ് കൂട്ടുകെട്ട് പൊരുതി നിന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ഇത്തവണ അത്തരം തിരിച്ചുവരവ് ഇംഗ്ലണ്ടില്‍ നിന്നുണ്ടായില്ല. ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടുകെട്ടുമായി ആദില്‍ റഷീദും ടോം കറനുമാണ് ഇംഗ്ലണ്ടിനെ 200 കടത്തിയതും പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചതും.
50 ഓവറില്‍ നിന്ന് ഇംഗ്ലണ്ട് നേടിയത് 9 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ്. ആഡം സംപയും മിച്ചല്‍ സ്റ്റാര്‍ക്കുമെല്ലാം വിക്കറ്റുകള്‍ നേടിയപ്പോള്‍ പന്തെറിഞ്ഞപ്പോള്‍ ഓരോ വിക്കറ്റ് നേടിയ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സുമെല്ലാം റണ്‍സ് വിട്ടു നല്‍കുവാന്‍ പിശുക്ക് കാട്ടുകയായിരുന്നു. 42 റണ്‍സ് നേടിയ ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.
149/8 എന്ന നിലയില്‍ ഓള്‍ഔട്ട് ഭീഷണി നേരിട്ട ഇംഗ്ലണ്ടിനെ ടോം കറനും ആദില്‍ റഷീദും കൂടി നേടിയ റണ്‍സാണ് രക്ഷിച്ചെടുത്തത്. 37 റണ്‍സ് നേടിയ ടോം കറന്‍ അവസാന ഓവറില്‍ മിച്ചല്‍ മാര്‍ഷിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ആദില്‍ റഷീദ് 35 റണ്‍സുമായി പുറത്താകാതെ നിന്നു.
വാലറ്റത്തോടൊപ്പം നിന്ന് 26 റണ്‍സ് നേടിയ ക്രിസ് വോക്സും ജോ റൂട്ടും(39) ആണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 21 റണ്‍സ് നേടിയ ജേസണ്‍ റോയ് റണ്ണൗട്ട് ആകുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി സംപ മൂന്നും സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് നേടി.
ഇംഗ്ലണ്ടിനെ ഓള്‍ഔട്ട് ആക്കുവാനാകാതെ 200 കടക്കുവാന്‍ വിട്ടതൊഴിച്ച് നിര്‍ത്തിയാല്‍ മികച്ച ബൗളിംഗ് പ്രകടനം തന്നെയാണ് ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്.