ഇപ്പോളത്തെ പ്രത്യേക സാഹചര്യത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കുവാന്‍ തയ്യാറാണെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ലോകവും ക്രിക്കറ്റ് ബോര്‍ഡുകളും കായിക രംഗവുമെല്ലാം കടന്ന് പോകുന്ന വിഷമസ്ഥിതിയെക്കുറിച്ച് കൃത്യമായ ബോധമുള്ളവരാണ് ഇംഗ്ലണ്ട് താരങ്ങള്‍ എന്നും 60ലധികം സ്റ്റാഫുകള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ തങ്ങളുടെ വേതനത്തില്‍ ഉറച്ച് നില്‍ക്കുകയെന്നത് തെറ്റായ കാര്യമായിരിക്കുമെന്നും, അത് താരങ്ങള്‍ ഒരിക്കലും ചെയ്യുകയില്ലെന്നും ഇംഗ്ലണ്ട് ടെസ്റ്റ് പേസര്‍ വ്യക്തമാക്കി.
ഇംഗ്ലണ്ട് അടുത്തിടെയാണ് തങ്ങളുടെ പുതിയ കരാറുകള്‍ താരങ്ങള്‍ക്ക് നല്‍കിയത്. കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പോലെ ആകില്ല ഈ വര്‍ഷത്തേതെന്ന് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. പേ കട്ട് ഉണ്ടാകുമെന്ന് തനിക്കും മറ്റു താരങ്ങള്‍ക്കും വ്യക്തമായിട്ട് അറിയാമെന്നും ബ്രോഡ് വ്യക്തമാക്കി.
ഈ നീക്കത്തിനെക്കുറിച്ച് ഒരു താരവും പരാതി പറയുമെന്ന് താന്‍ കരുതുന്നുമില്ലെന്നും സ്റ്റുവര്‍ട് ബ്രോഡ് സൂചിപ്പിച്ചു. തങ്ങളെല്ലാം ഭാഗ്യം ചെയ്തവരാണെന്നും ഇംഗ്ലണ്ടിനായി ക്രിക്കറ്റ് കളിക്കുവാന്‍ ഈ വിഷമസ്ഥിതിയിലും സാധിച്ചവരാണെന്നും അത് വഴി ക്രിക്കറ്റിനെ തന്നെ പിന്തുണയ്ക്കുവാനുള്ള അവസരം ലഭിച്ച താരങ്ങളാണ് തങ്ങളെന്നും സ്റ്റുവര്‍ട് ബ്രോഡ് അഭിപ്രായപ്പെട്ടു.