കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2022 വരെ ഇംഗ്ലണ്ട് കൊല്‍പക് കരാറുകള്‍ റദ്ദാക്കിയേക്കുമെന്ന് സൂചന. ഇതോടെ കരാര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകും. ഈ നീക്കത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റും ബോര്‍ഡും ഇരു കൈകളുമായി സ്വീകരിക്കുമെന്നാണ് അറിയുന്നത്.
വേതനം കുറവായതിനാല്‍ മികച്ച ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് ഉപേക്ഷിച്ച് മെച്ചപ്പെട്ട വേതനമുള്ള ഇംഗ്ലണ്ടിലേക്ക് കൗണ്ടി കളിക്കാനായി പോകുന്നത്. ജൂലൈയില്‍ മാത്രമാവും ഇത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നാണ് അറിയുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ 18 ഫസ്റ്റ് ക്ലാസ്സ് കൗണ്ടികളോട് കൊല്‍പക്ക് കരാറിലുള്ള താരങ്ങളെ പ്രാദേശിക താരങ്ങളായി കണക്കാക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ താരങ്ങളെ ഇനി വിദേശ താരങ്ങളായി മാത്രമേ പരിഗണിക്കാനാകൂ എന്നാണ് അറിയുവാന്‍ കഴിയുന്നത്.
ഇത് സംഭവിക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് മാറുന്ന താരങ്ങള്‍ക്കാവും ഏറ്റവും അധികം തിരിച്ചടി.