ഏകദിന കരിയറിനു ബെൻ സ്റ്റോക്‌സ് പരാജയത്തോടെ വിട പറഞ്ഞു. ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ഏകദിനത്തിൽ 62 റൺസിന് ആണ് ഇംഗ്ലണ്ട് പരാജയം വഴങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍ 117 പന്തിൽ നേടിയ 133 റൺസിനൊപ്പം എയ്ഡന്‍ മാര്‍ക്രം(77), ജാന്നേമന്‍ മലന്‍(57) എന്നിവരുടെ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ 333 റൺസ് ആണ് നേടിയത്. 334 റൺസിന്റെ വലിയ സ്‌കോർ പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കം ആണ് ലഭിച്ചത്. ആദ്യ വിക്കറ്റിൽ 102 റൺസ് ആണ് ഇംഗ്ലണ്ട് ഓപ്പണർമാർ നേടിയത്. 43 റൺസ് നേടി ജേസൻ റോയി പുറത്തായതിനു തൊട്ടു പിറകെ 63 റൺസ് നേടിയ ജോണി ബെരിസ്റ്റോയും പുറത്തായി.
ഒരറ്റത്ത് ജോ റൂട്ട് മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ മറുപുറത്ത് ദക്ഷിണാഫ്രിക്ക വിക്കറ്റുകൾ വീഴ്ത്തി. അവസാന ഏകദിനത്തിനു ബാറ്റ് ചെയ്യാൻ എത്തിയ ബെൻ സ്റ്റോക്‌സ് 5 റൺസ് എടുത്ത് എയ്ഡന്‍ മാര്‍ക്രമിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 86 റൺസ് നേടിയ ജോ റൂട്ടിനു പിന്തുണ നൽകാൻ മറ്റ് ബാറ്റർമാർക്ക് സാധിക്കാതെ വന്നപ്പോൾ ഇംഗ്ലണ്ട് 46.5 ഓവറിൽ 271 റൺസിന് എല്ലാവരും പുറത്തായി. ജോ റൂട്ടിന്റെ അടക്കം 4 വിക്കറ്റുകൾ വീഴ്ത്തിയ ആന്‍റിച്ച് നോര്‍ട്ജേയ ആണ് ഇംഗ്ലണ്ടിനെ തകർത്തത്. എയ്ഡന്‍ മാര്‍ക്രമും തബറിസ് ശംസിയും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ്, എങ്കിഡി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നിലവിൽ 3 ഏകദിനങ്ങൾ ഉള്ള പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0 നു മുന്നിലാണ്.