ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു. 193 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 170 റൺസിന് ഓളൗട്ട് ആയി. ഇന്ന് ആദ്യ സെഷനിൽ നാല് പ്രധാന വിക്കറ്റുകൾ നഷ്ടമായ ഇന്ത്യ രണ്ടാം സെഷനിൽ വൻ പോരാട്ട വീര്യം കാണിച്ചു എന്നാൽ വിജയത്തിലേക്ക് എത്തിയില്ല. 22 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഈ ജയത്തോടെ അവർ പരമ്പരയിൽ 2-1ന് മുന്നിലെത്തി.

58-4 എന്ന നിലയിൽ ഇന്ന് കളി പുനരാരംഭിച്ച ഇന്ത്യ പെട്ടെന്ന് തന്നെ തകർന്നു. 82-7 എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങി. 9 റൺസ് എടുത്ത പന്തിനെയും റൺ എടുക്കാത്ത വാഷിങ്ടൺ സുന്ദറിനെയും ആർച്ചർ പുറത്താക്കി. ഇന്ത്യയുടെ പ്രതീക്ഷ ആയിരുന്ന രാഹുലിനെ 39 റൺസിൽ നിൽക്കെ സ്റ്റോക്സ് പുറത്താക്കി. പിന്നീട് നിതീഷും ജഡേജയും ചേർന്ന് നല്ല കൂട്ടുകെട്ട് ഉണ്ടാക്കി എങ്കിലും ലഞ്ചിന് തൊട്ടു മുമ്പ് 13 റൺസ് എടുത്ത റെഡ്ഡി പുറത്തായി.
ജഡേജ ബുമ്രയെ കൂട്ടുപിടിച്ച് അവസാനം ശ്രമങ്ങൾ നടത്തി എങ്കിലും വിജയ ലക്ഷ്യം വിദൂരത്തായിരുന്നു. ജയിക്കാൻ 46 റൺസ് വേണ്ട സമയത്ത് ബുമ്രയെ സ്റ്റോക്സ് പുറത്താക്കി. 50നു മുകളിൽ പന്ത് പിടിച്ചാണ് ബുമ്ര പുറത്തായത്. പിന്നെ അവസാന വിക്കറ്റ്. സിറാജും ജഡേജക്ക് ഒപ്പം നിന്നു. ജഡേജ 61 റൺസ് എടുത്ത് പൊരുതി എങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ ആയില്ല.