കൊറോണ വ്യാപനത്തിന്റെ സ്ഥിതി മെച്ചപ്പെട്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ പുനരാരംഭിക്കുവാന്‍ പഴയ നിലയില്‍ കഴിയുന്നില്ലെങ്കില്‍ അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ കാണികള്‍ക്ക് പ്രവേശനമില്ലാതെ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുവാനുള്ള സാധ്യതകള്‍ തേടി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്.
ഗ്രൗണ്ടില്‍ കൊറോണ പ്രതിരോധത്തിനായുള്ള ചെക്ക് പോയിന്റുകള്‍ സ്ഥാപിച്ചും കാണികള്‍ക്ക് പ്രവേശനം നിഷേധിച്ചുമാണ് ഇംഗ്ലണ്ട് അന്താരാഷ്ട്രമത്സരങ്ങള്‍ക്ക് ഒരുങ്ങുവാനുള്ള ശ്രമം ആരംഭിക്കുന്നത്. കാണികളും സംഘാടകരുടെ ഭാഗത്ത് നിന്നുള്ളവരും അടക്കം ഏറ്റവും കൂടിയത് 500 പേരെ മാത്രം ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ചാവും ഈ മത്സരങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നതെന്ന് ബോര്‍ഡ് പ്രതിനിധി പറഞ്ഞു.
കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ബ്രോഡ്കാസ്റ്റ് ടീമംഗങ്ങള്‍ക്കും പുറമെ വൈദ്യ സഹായത്തിനുള്ള ജീവനക്കാരും ഗ്രൗണ്ടിലുണ്ടാവും. നിലവില്‍ മേയ് 28 വരെ ഇംഗ്ലണ്ടില്‍ യാതൊരു തരത്തിലുമുള്ള ക്രിക്കറ്റ് മത്സരങ്ങളും നടത്തേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.