ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 192 റൺസിന് പുറത്താക്കി. ഈ ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ ലീഡ് നേടാൻ 193 റൺസ് മതി ഇന്ത്യക്ക്. നേരത്തെ, ഇരുടീമുകളും ആദ്യ ഇന്നിംഗ്‌സിൽ 387 റൺസിന് ഓൾഔട്ടായിരുന്നു. ആർക്കും ലീഡ് നേടാനായിരുന്നില്ല.

ഇന്ന് മൂന്നാം സെഷനിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ടിന്റെ ശേഷിച്ച നാല് വിക്കറ്റുകളും അതിവേഗം വീഴ്ത്തി. നാലു വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ വാഷിംഗ്ടൺ സുന്ദറാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത്. 40 റൺസെടുത്ത ജോ റൂട്ടിനെയും എട്ട് റൺസെടുത്ത ജാമി സ്മിത്തിനെയും നേരത്തെ പുറത്താക്കിയ സുന്ദർ, ചായയ്ക്ക് ശേഷം അവസാന സെഷനിൽ ബെൻ സ്റ്റോക്സിനെയും മടക്കി അയച്ചു. 33 റൺസെടുത്ത സ്റ്റോക്സ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പ്രതിരോധവും വിജയപ്രതീക്ഷയും തകർന്നു.
പിന്നാലെ കാർസിനെയും വോക്സിനെയും ബൗൾഡാക്കി ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് ഇന്നിംഗ്‌സിന് തിരശ്ശീലയിട്ടു. ഇന്ത്യക്ക് ആയി സുന്ദർ 4 വിക്കറ്റ് നേടിയപ്പോൾ സിറാജും ബുമ്രയും 2ഉം നിതീഷ് കുമാർ, ആകാശ് ദീപ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.