അഞ്ച് വിക്കറ്റുമായി റോബിന്‍സൺ, ലീഡ്സിൽ ഇന്നിംഗ്സ് ജയം നേടി ഇംഗ്ലണ്ട്

Sports Correspondent

ലീഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് ജയം. ഇന്ത്യയുടെ മികച്ച ചെറുത്ത്നില്പ് കണ്ട മൂന്നാം ദിവസത്തിന് ശേഷം ഇന്ത്യന്‍ ബാറ്റിംഗ്  നാലാം ദിവസം തകര്‍ന്നടിയുന്ന കാഴ്ചയാണ് ലീഡ്സിൽ കണ്ടത്. 99.3 ഓവറിൽ ഇന്ത്യ 278 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 78 റൺസിനാണ് പുറത്തായത്.

ചേതേശ്വര്‍ പുജാരയെ ആദ്യം നഷ്ടമായ ഇന്ത്യയ്ക്ക് അധികം വൈകാതെ വിരാട് കോഹ്‍ലിയെയും നഷ്ടമായി. 55 റൺസ് നേടിയ ഇന്ത്യന്‍ നായകന്‍ പുറത്തായ ശേഷം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ പവലിയനിലേക്ക് ഘോഷയാത്ര നടത്തുന്നതാണ് കണ്ടത്.

ഒല്ലി റോബിന്‍സൺ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്രെയിഗ് ഓവര്‍ട്ടൺ മൂന്ന് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ നാലാം ദിവസം ഇന്ത്യയ്ക്കായി 30 റൺസ് നേടി. ഇന്നിംഗ്സിനും 76 റൺസിനുമാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.