താന്‍ ടീമിന്റെ ഒന്നാം നമ്പര്‍ സ്പിന്നര്‍ അല്ലെന്ന് കഴിഞ്ഞ മേയില്‍ ഇംഗ്ലണ്ടിന്റെ മുഖ്യ സെലക്ടര്‍ എഡ് സ്മിത്തിന്റെ അഭിപ്രായം തന്നെ ഏറെ നിരാശപ്പെടുത്തിയെന്ന് തുറന്ന് പറഞ്ഞ് മോയിന്‍ അലി. എന്നാല്‍ ഇതിനു ശേഷം തന്നെ പരിഗണിക്കുന്ന തരത്തിലുള്ള പ്രകടനം പുറത്തെടുക്കുവാനായി താന്‍ ഏറെ പ്രയത്നിച്ചിട്ടുണ്ടെന്നും അതിനു തന്നെ പ്രേരിപ്പിച്ചത് ഈ പ്രതികരണമായിരുന്നുവെന്നും മോയിന്‍ അലി പറഞ്ഞു.
തന്നെയല്ല വേറെ താരത്തെയാണ് പ്രധാന സ്പിന്നറായി അവര്‍ പരിഗണിക്കുന്നതെന്നറിഞ്ഞപ്പോള്‍ ഏറെ സങ്കടം തോന്നിയെങ്കിലും അത് തന്നിലേക്ക് തിരിച്ചുവരുവാനുള്ള കൂടുതല്‍ ഊര്‍ജ്ജം നല്‍കിയെന്നും മോയിന്‍ അലി പറഞ്ഞു. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഡോം ബെസ്സിനെയാണ് ഇംഗ്ലണ്ട് പരിഗണിച്ചത്. അന്ന് മോയിന്‍ അലിയ്ക്ക് ഒരു മത്സരവും ലഭിച്ചില്ല.
ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലാണ് മോയിനു വീണ്ടും അവസരം ലഭിക്കുന്നത്. മത്സരത്തില്‍ 9 വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ 60 റണ്‍സ് വിജയത്തിലേക്ക് നയിക്കുന്ന നിര്‍ണ്ണായക പ്രകടനമാണ് മയിന്‍ അലി പുറത്തെടുത്തത്. ആ ഇടവേള തനിക്ക് ഏറെ ഗുണം ചെയ്തുവെന്നാണ് മോയിന്‍ പറയുന്നത്. തനിക്ക് തന്നില്‍ തന്നെ വിശ്വാസമുണ്ടായിരുന്നുവെന്നാണ് മോയിന്‍ വ്യക്തമാക്കുന്നത്.