ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ ആകും വരും സീസണിൽ വരാൻ പോകുന്നത്. 2024-25 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് കലണ്ടർ പുനഃക്രമീകരിക്കുന്നതിനുള്ള കരട് നിർദ്ദേശം ബോർഡിൻ്റെ അപെക്‌സ് കൗൺസിലിന് അയച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2024-25 സീസണിൽ രഞ്ജി ട്രോഫി രണ്ട് ഘട്ടങ്ങൾ ആയാകും നടക്കുക. രഞ്ജി ട്രോഫിയുടെ ഇടവേള സമയത്ത് വൈറ്റ് ബോൾ ടൂർണമെൻ്റുകളായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും നടക്കും. രഞ്ജി ട്രോഫിൽ മത്സരങ്ങൾക്ക് ഇടയിൽ കൂടുതൽ ഇടവേള നൽകി താരങ്ങളുടെ ഫിറ്റ്നസ് ശ്രദ്ധിക്കാനും ബി സി സി ഐ ആലോചിക്കുന്നു.
പുതിയ പോയിൻ്റ് സംവിധാനത്തോടെ സംഘടിപ്പിക്കുന്ന സികെ നായിഡു ട്രോഫിയിലും വലിയ മാറ്റം വരും. സി കെ നായിഡു ട്രോഫിയിൽ ഇനി ടോസ് ഉണ്ടാകില്ല. എവേ ടീമിന് (സന്ദർശക ടീമിന്) ബാറ്റു ചെയ്യണോ ബൗൾ ചെയ്യണോ എന്ന തീരുമാനം എടുക്കാനുള്ള അവകാശം ലഭിക്കും. ഹോം അഡ്വാന്റേജ് ഇല്ലാതാക്കാൻ ആണ് ടോസ് ഒഴിവാക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്.
ബിസിസിഐ സെക്രട്ടറി ജയ് ഷാ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വിവിഎസ് ലക്ഷ്മൺ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്.