വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചറി നേടിയതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിദർഭ താരം ധ്രുവ് ഷോറെ. തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ സെഞ്ചറി തികച്ച തമിഴ്നാട് താരം എൻ. ജഗദീഷന്റെ റെക്കോർഡിനൊപ്പമാണ് ഇതോടെ ഷോറെ എത്തിയത്.

രാജ്ക്കോട്ടിൽ നടന്ന മത്സരത്തിൽ വെറും 77 പന്തിൽ പുറത്താകാതെ 109 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒൻപത് ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഷോറെയുടെ വെടിക്കെട്ട് ഇന്നിംഗ്സ്.
ഓപ്പണർമാരായ അമൻ മൊഖാഡെ (82), യഷ് റാത്തോഡ് (68) എന്നിവർ നൽകിയ മികച്ച തുടക്കം മുതലെടുത്താണ് മൂന്നാം നമ്പറിൽ ഇറങ്ങിയ ഷോറെ ആധിപത്യം പുലർത്തിയത്. സമർത്ഥുമായി (63) ചേർന്ന് 140 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ താരം വിദർഭയെ നിശ്ചിത 50 ഓവറിൽ 365 എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. ധ്രുവ് ഷോറെയുടെ കരിയറിലെ എട്ടാമത്തെ ലിസ്റ്റ് എ സെഞ്ചറിയാണിത്. 2024-25 സീസണിലെ നോക്കൗട്ട് മത്സരങ്ങളിൽ രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക എന്നീ ടീമുകൾക്കെതിരെ സെഞ്ചറി നേടിയാണ് താരം ഈ കുതിപ്പ് തുടങ്ങിയത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ബംഗാളിനെതിരെ 136 റൺസും താരം നേടിയിരുന്നു.
ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി അഞ്ച് സെഞ്ചറികൾ നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ഇപ്പോൾ ധ്രുവ് ഷോറെ. 2022-23 സീസണിൽ 277 റൺസ് എന്ന റെക്കോർഡ് പ്രകടനമടക്കമായിരുന്നു ജഗദീഷൻ ഈ നേട്ടം കൈവരിച്ചത്. കരുൺ നായർ (4 സെഞ്ചറികൾ) ഉൾപ്പെടെയുള്ള താരങ്ങളെ പിന്നിലാക്കിയാണ് ഷോറെ റെക്കോർഡ് പുസ്തകത്തിൽ ഇടംപിടിച്ചത്.









