ടി20 ലോകകപ്പ് മാറ്റിവെച്ചാലും ധോണി ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ധോണിയുടെ പരിശീലകൻ

Staff Reporter

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് കൊറോണ വൈറസ് മൂലം മാറ്റിവെച്ചാലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് ധോണിയുടെ ബാല്യ കാല പരിശീലകൻ കേശവ് ബാനർജി. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് മാറ്റിവെച്ചേക്കുമെന്ന വർത്തകൾക്കിടയിലാണ് ബാനർജിയുടെ പ്രതികരണം.

ധോണി തന്റെ വിരമിക്കൽ തീരുമാനം സംഘടിതമായ രീതിയിൽ ചെയ്യുമെന്നും സോഷ്യൽ മീഡിയയിലെ ട്രെൻഡിന് അനുസരിച്ച് ധോണി ഒന്നും ചെയ്യില്ലെന്നും ബാനർജി പറഞ്ഞു. വിരമിക്കാനായെന്ന് ധോണിക്ക് തോന്നിയാൽ താരം ബി.സി.സി.ഐയെ അത് അറിയിക്കുകയും ശരിയായ രീതിയിൽ ഒരു പത്ര സമ്മേളനം വിളിച്ച് അത് എല്ലാവരെയും അറിയിക്കുമെന്നും ബാനർജി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ ധോണി അങ്ങനെ ചെയ്തിട്ടുണ്ടെന്നും ബാനർജി ഓർമിപ്പിച്ചു.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ധോണി വിരമിക്കൽ പ്രഖ്യാപിക്കുമെന്ന താരത്തിലുള്ള ഹാഷ് ടാഗുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ യാതൊരു സത്യവുമില്ലെന്ന് ധോണിയുടെ ഭാര്യ സാക്ഷി ധോണി പ്രതികരിക്കുകയും ചെയ്തിരുന്നു.