സമകാലിക കാലിക ക്രിക്കറ്റിൽ ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാർ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ. കഴിഞ്ഞ 22 വർഷം ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്മാർ ഇവരായിരുന്നെന്നും നെഹ്റ പറഞ്ഞു. ഇരുവർക്കും ഒരു മത്സരം എങ്ങനെ ജയിപ്പിക്കണം എന്നതിനെ പറ്റി വ്യക്തമായ ധാരണ ഉണ്ടായിരുന്നെന്നും നെഹ്റ പറഞ്ഞു.
ഇന്ത്യൻ ടീമിൽ ധോണി എത്തിയപ്പോൾ ധോണിയുടെ വിക്കറ്റ് കീപ്പിങ് മികച്ചതായിരുന്നില്ലെന്നും ധോണിക്ക് മുൻപ് കളിച്ച എല്ലാ വിക്കറ്റ് കീപ്പർമാരും ധോണിയേക്കാൾ മികച്ചവരായിരുന്നുവെന്നും നെഹ്റ പറഞ്ഞു. ധോണിക്ക് മുൻപ് ഇന്ത്യൻ ടീമിൽ എത്തിയ ദിനേശ് കാർത്തിക്കിനും പാർഥിവ് പട്ടേലിനും കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ കഴിയാതിരുന്നപ്പോൾ ധോണിക്ക് അതിന് കഴിഞ്ഞെന്നും നെഹ്റ പറഞ്ഞു. ധോണി ഒരിക്കലും ഒരു മികച്ച ബാറ്റ്സ്മാനോ ഒരു മികച്ച വിക്കറ്റ് കീപ്പറാ ആയിരുന്നില്ലെന്നും എന്നാൽ അദ്ദേഹം മികച്ച ഒരു വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ആയിരുന്നെന്നും നെഹ്റ പറഞ്ഞു.
നിലവിൽ ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി എന്നീ മൂന്ന് ഐ.സി.സി ടൂർണമെന്റുകൾ സ്വന്തമാക്കിയ ഏക ക്യാപ്റ്റൻ കൂടിയാണ് മഹേന്ദ്ര സിംഗ്. 2011ൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോൾ ആശിഷ് നെഹ്റ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.