ഇന്ത്യൻ പ്രീമിയർ ലീഗ് നടന്നില്ലെങ്കിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ത്യൻ ടീമിലെത്താനുള്ള സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ഒന്നര വർഷമായി ധോണി കളികാത്തതിനാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ധോണിയെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കുകയെന്നും ഗംഭീർ ചോദിച്ചു. സ്റ്റാർ സ്പോർട്സ് ചാനലിന്റെ ക്രിക്കറ്റ് കണക്റ്റഡ് ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.
മഹേന്ദ്ര സിംഗ് ധോണി ഇന്ത്യൻ ടീമിൽ എത്തിയില്ലെങ്കിൽ കെ.എൽ രാഹുലിന് ധോണിയുടെ പകരക്കാരനാവാമെന്നും ഗംഭീർ പറഞ്ഞു. ധോണിയുടെ പകരക്കാരനാവാൻ എന്ത് കൊണ്ടും യോഗ്യൻ കെ.എൽ രാഹുൽ ആണെന്നും നിശ്ചിത ഓവറിൽ രാഹുൽ വിക്കറ്റ് കീപ്പിങ് ചെയ്യാൻ തുടങ്ങിയത് മുതൽ മികച്ച പ്രകടനമാണ് രാഹുൽ ചെയ്യുന്നതെന്നും ഗംഭീർ പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ കെ.എൽ രാഹുൽ ധോണിയുടെ അടുത്ത് ഒന്നും എത്തിലെങ്കിലും ടി20 ക്രിക്കറ്റിൽ ഒരു യൂട്ടിലിറ്റി താരമായി മാറാൻ കെ.എൽ രാഹുലിന് കഴിയുമെന്നും ഗംഭീർ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിൽ ന്യൂസിലൻഡിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പരിക്കേറ്റ റിഷഭ് പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പറായി എത്തിയ കെ.എൽ രാഹുൽ തുടർന്ന് നടന്ന ന്യൂസിലാൻഡ് പരമ്പരയിലും വിക്കറ്റ് കീപ്പറായി തുടരുകയായിരുന്നു.