ടി20 ലോകകപ്പിന് വിക്കറ്റ് കീപ്പറായി ധോണി തന്നെ മതിയെന്ന് വസിം ജാഫർ

- Advertisement -

ടി20 ലോകകപ്പിന് വിക്കറ്റ് കീപ്പറായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി തന്നെ മതിയെന്ന് മുൻ ഇന്ത്യൻ താരം വസിം ജാഫർ. ധോണി മികച്ച ഫോമിലും ഫിറ്റും ആണെങ്കിൽ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ധോണിക്ക് പകരം വേറെ ഒരാളെ നോക്കേണ്ടതില്ലെന്ന് വസിം ജാഫർ പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ തോറ്റ് ഇന്ത്യ പുറത്തായതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണി ഇന്ത്യൻ ടീമിന് ഒരു മുതൽക്കൂട്ട് ആണെന്നും വസിം ജാഫർ പറഞ്ഞു. വിക്കറ്റ് കീപ്പിങ്ങിലും ഇന്ത്യയുടെ ബാറ്റിങ്ങിലും ധോണി ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും ജാഫർ പറഞ്ഞു. ധോണി വിക്കറ്റ് കീപ്പറാവുകയാണെങ്കിൽ കെ.എൽ രാഹുലിന് കുറച്ച് സമ്മർദ്ദം കുറക്കാൻ കഴിയുമെന്നും ഒരു ഇടം കയ്യൻ ബാറ്റ്സ്മാൻ വേണമെന്ന് നിർബന്ധമാണെങ്കിൽ റിഷഭ് പന്തിനെ ഒരു ബാറ്റ്സ്മാനായി കളിപ്പിക്കാമെന്നും വസിം ജാഫർ പറഞ്ഞു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ കയറാനായിരുന്നു ധോണിയുടെ ശ്രമം. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് താത്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ ധോണിയുടെ ഭാവിയെ പറ്റി കൂടുതൽ ചർച്ചകൾ നടക്കുകയാണ്.

Advertisement