കഴിഞ്ഞ 50 വർഷത്തെ ലോക ക്രിക്കറ്റിലെ ഏറ്റവും പ്രചോദനാത്മക നായകനാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെന്ന് മുൻ ഇന്ത്യൻ പരിശീലകൻ ഗ്രെഗ് ചാപ്പൽ. ഐ.സി.സിയുടെ ഏകദിന, ടി20 ലോകകപ്പും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ ഏക ക്യാപ്റ്റൻ കൂടിയാണ് മഹേന്ദ്ര സിംഗ് ധോണി. ധോണി അസാമാന്യ പ്രതിഭയായിരുന്നെന്നും ഏതു വെല്ലുവിളികളും നേരിടാൻ ധോണി തയ്യാറായിരുന്നെന്നും ഗ്രെഗ് ചാപ്പൽ പറഞ്ഞു.
ഇംഗ്ലണ്ട് ഇതിഹാസം മൈക്കിൾ ബ്രേർലി, മുൻ ഓസ്‌ട്രേലിയൻ താരം ഇയാൻ ചാപ്പൽ, മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മാർക്ക് ടെയ്‌ലർ, മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് എന്നീ ഇതിഹാസങ്ങളുടെ കൂടെയാണ് ധോണിയുടെ സ്ഥാനമെന്നും ഗ്രെഗ് ചാപ്പൽ പറഞ്ഞു. ധോണി തന്റെ എല്ലാ പ്രതീക്ഷകൾക്കും മുകളിലുള്ള പ്രകടനമാണ് പുറത്തെടുത്തതെന്നും താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റൻ ധോണിയാണെന്നും ഗ്രെഗ് ചാപ്പൽ പറഞ്ഞു.