മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി തന്റെ രാജ്യത്തിനു വേണ്ടി സ്വന്തം റെക്കോർഡുകൾ ത്യജിച്ച താരമാണ് എന്ന് മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ഗൗതം ഗംഭീർ. ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ, അദ്ദേഹത്തിന് നിരവധി ഏകദിന റെക്കോർഡുകൾ തകർക്കാനാകുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. ടീമിന്റെ ട്രോഫികൾക്കായി അദ്ദേഹം തന്റെ അന്താരാഷ്ട്ര റൺസും റെക്കോർഡുകളും ത്യജിച്ചു. ഗംഭീർ പറഞ്ഞു.
“ആറിലോ ഏഴിലോ ബാറ്റ് ചെയ്യാൻ അദ്ദേഹം തയ്യാറായി. ക്യാപ്റ്റൻ ആയിരുന്നില്ലെങ്കിൽ അദ്ദേഹം ഇന്ത്യയുടെ മൂന്നാം നമ്പർ ആയേനെ, അദ്ദേഹം നേടിയതിനേക്കാൾ കൂടുതൽ സ്കോർ ചെയ്യാനും കൂടുതൽ സെഞ്ചുറികൾ നേടാനും അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്ന് ഞാൻ കരുതുന്നു, ”ഗംഭീർ കൂട്ടിച്ചേർത്തു.
“ആളുകൾ എപ്പോഴും എംഎസ് ധോണിയെക്കുറിച്ചും ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പക്ഷേ, ക്യാപ്റ്റൻസി കാരണം അവൻ അവനിലെ ബാറ്ററെ ത്യജിച്ചു എന്നാണ് തന്റെ അഭിപ്രായം. അദ്ദേഹം ടീമിനെ മുന്നിൽ നിർത്തുന്നു. സ്വയം മറക്കുന്നു.” ഗംഭീർ പറഞ്ഞു
2011ലെ ഏകദിന ലോകകപ്പും 2007ലെ ടി20 ലോകകപ്പും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ നേടിയിരുന്നു.“തന്റെ ബാറ്റിംഗ് കൊണ്ട് കളി മാറ്റിമറിച്ച ഇന്ത്യയുടെ ആദ്യത്തെ വിക്കറ്റ് കീപ്പറായിരുന്നു എം.എസ്. ഏഴാം നമ്പറിൽ ഇറങ്ങി മത്സരങ്ങൾ ജയിപ്പിക്കാൻ ധോണിക്ക് ആകുമായിരുന്നു.” ഗംഭീർ പറഞ്ഞു.