നെതര്‍ലാണ്ട്സിനെതിരെ തുടക്കത്തിൽ തകര്‍ന്ന ശ്രീലങ്കയെ വമ്പന്‍ നാണക്കേടിൽ നിന്ന് രക്ഷിച്ച് 213 റൺസിലേക്ക് എത്തിച്ച് ധനന്‍ജയ ഡി സിൽവ. ഒരു ഘട്ടത്തിൽ 67/5 എന്ന നിലയിലേക്ക് തകര്‍ന്ന ശ്രീലങ്കയെ ധനന്‍ജയ ഡി സിൽവ 93 റൺസുമായി പൊരുതി നിന്നാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. താരത്തിന് അര്‍ഹമായ ശതകം നഷ്ടമായെങ്കിലും ശ്രീലങ്കയ്ക്ക് പൊരുതാവുന്ന സ്കോര്‍ ഉറപ്പാക്കുവാന്‍ ഡി സിൽവയുടെ ഇന്നിംഗ്സിന് സാധിച്ചു. 47.4 ഓവറിൽ ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു.
താരത്തിന് പിന്തുണയായി ദിമുത് കരുണാരത്നേ(33), വനിന്‍ഡു ഹസരംഗ(20) എന്നിവരും തിളങ്ങി. എട്ടാം വിക്കറ്റിൽ ധനന്‍ജയയും മഹീഷ് തീക്ഷണയും ചേര്‍ന്ന് നേടിയ 77 റൺസാണ് ശ്രീലങ്കയുടെ സ്കോര്‍ 200 കടക്കുവാന്‍ സഹായിച്ചത്. എന്നാൽ 28 റൺസ് നേടിയ മഹീഷ് തീക്ഷണയെയും തൊട്ടടുത്ത ഓവറിൽ 93 റൺസ് നേടിയ ധനന്‍ജയ ഡി സിൽവയെയും ശ്രീലങ്കയ്ക്ക് നഷ്ടമായപ്പോള്‍ അവസാന ഓവറുകളിലെ കുതിപ്പ് നടത്തുവാന്‍ ടീമിന് സാധിച്ചില്ല.
നെതര്‍ലാണ്ട്സിന് വേണ്ടി ലോഗന്‍ വാന്‍ ബീക്കും ബാസ് ഡി ലീഡും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വിക്കറ്റ് നേട്ടവുമായി സാഖിബ് സുൽഫിക്കറും തിളങ്ങി.