ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ഒപ്പമെത്തി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ നല്‍കിയ 133 റൺസ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ 2 പന്ത് അവശേഷിക്കവേ ലങ്ക മറികടന്നപ്പോള്‍ ടീമിന്റെ വിജയം ഉറപ്പാക്കിയത് ധനന്‍ജയ ഡി സിൽവയായിരുന്നു.
മിനോദ് ഭാനുക നേടിയ 36 റൺസിനൊപ്പം പുരത്താകാതെ 40 റൺസുമായി ധനന്‍ജയ ഡി സിൽവയും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തപ്പോളാണ് ശ്രീലങ്ക 4 വിക്കറ്റ് വിജയം നേടിയത്.
133 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയ്ക്ക് അവിഷ്ക ഫെര്‍ണാണ്ടോയെ ആദ്യം നഷ്ടമായി. മികച്ചൊരു ക്യാച്ചിലൂടെ രാഹുല്‍ ചഹാര്‍ താരത്തെ പിടിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് ആദ്യ വിക്കറ്റ് ലഭിച്ചു. സദീര സമരവിക്രമയെ പുറത്താക്കി വരുൺ ചക്രവര്‍ത്തിയും മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി.
ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും മറുവശത്ത് റൺസ് കണ്ടെത്തിയ മിനോദ് 31 പന്തിൽ 36 റൺസാണ് നേടിയത്. കുല്‍ദീപിന്റെ ഓവറിൽ താരത്തിന് ഒരു അവസരം ലഭിച്ചുവെങ്കിലും ഏതാനും പന്തുകള്‍ക്ക് ശേഷം താരം കുല്‍ദീപിന് വിക്കറ്റ് നല്‍കി മടങ്ങുന്ന കാഴ്ചയാണ് കണ്ടത്.
ഭാനുക പുറത്താകുമ്പോള്‍ 66/4 എന്ന നിലയിലായിരുന്ന ശ്രീലങ്കയെ ധനന്‍ജയ ഡി സില്‍വയും വനിന്‍ഡു ഹസരംഗയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 28 റൺസിന്റെ ബലത്തിൽ മുന്നോട്ട് നയിച്ചുവെങ്കിലും 11 പന്തിൽ 15 റൺസ് നേടിയ ഹസരംഗയെ പുറത്താക്കി രാഹുല്‍ ചഹാര്‍ തന്റെ സ്പെല്ലിന്റെ അവസാന പന്തിൽ വിക്കറ്റ് നേടി.
അവസാന മൂന്നോവറിൽ 28 റൺസായിരുന്നു ശ്രീലങ്ക നേടേണ്ടിയിരുന്നത്. ധനന്‍ജയ ഡി സിൽവ ക്രീസിലുള്ളതായിരുന്നു ടീമിന്റെ പ്രതീക്ഷ. ചേതന്‍ സക്കറിയ എറിഞ്ഞ 18ാം ഓവറിൽ 8 റൺസ് പിറന്നപ്പോള്‍ അവസാന രണ്ടോവറിലെ ലക്ഷ്യം 20 ആയി മാറി.
ഭുവനേശ്വര്‍ എറിഞ്ഞ 19ാം ഓവറിൽ ഒരു സിക്സര്‍ ഉള്‍പ്പെടെ 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 8 റൺസായി ചുരുങ്ങി. 2 പന്ത് ബാക്കി നില്‍ക്കവേ വിജയം ശ്രീലങ്ക നേടിയപ്പോള്‍ 6 പന്തിൽ പുറത്താകാതെ 12 റൺസ് നേടിയ ചാമിക കരുണാരത്നേയുടെ പ്രകടനവും നിര്‍ണ്ണായകമായിരുന്നു.