താൻ ഇപ്പോൾ പുറത്തെടുക്കുന്ന പ്രകടനത്തിന്റെ പിന്നിൽ ധോണിയുടെ സംഭാവന വലുതാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി ഹാട്രിക് നേടിയ ദീപക് ചാഹർ. ബൗളർ എന്ന നിലയിൽ താൻ ഇന്ന് നേടിയതിനെല്ലാം തനിക്ക് ധോണിയോട് നന്ദി ഉണ്ടെന്നും ദീപക് ചാഹർ പറഞ്ഞു.
“ധോണി തന്നെ ഒരുപാടു സഹായിച്ചിട്ടുണ്ട്. താൻ കഷ്ട്ടപ്പെടുന്ന സമയത്ത് ഐ.പി.എൽ അവസരം നൽകുകയും ടീമിൽ ഇടം നൽകുകയും ചെയ്തത് ധോണിയാണ്” ചാഹർ പറഞ്ഞു. ചെന്നൈയിൽ കളിച്ചത് തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചെന്നും ചെന്നൈയിൽ ഫാസ്റ്റ് ബൗളർമാരെ സഹായിക്കുന്ന ഒരു ഘടകം ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത് തനിക്ക് ഗുണം ചെയ്‌തെന്നും ചാഹർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 2018ൽ പത്ത് വിക്കറ്റും 2019ൽ 22 വിക്കറ്റും ദീപക് ചാഹർ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബംഗ്ളദേശിനെതിരെ നടന്ന ടി20യിൽ ലോക റെക്കോർഡ് പ്രകടനം ദീപക് ചാഹർ പുറത്തെടുത്തിരുന്നു. 3.2 ഓവറിൽ 7 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ചാഹർ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. കൂടാതെ മത്സരത്തിൽ ഹാട്രിക് നേടിയ ചാഹർ ഇന്ത്യക്ക് വേണ്ടി ടി20യിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു.