സച്ചിൻ ടെണ്ടുൽക്കറിന് നൂറാം സെഞ്ചുറി നിഷേധിച്ചതിന് പിന്നാലെ തനിക്ക് വധ ഭീഷണി നേരിടേണ്ടി വന്നുവെന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ടിം ബ്രെസ്നൻ. 2011ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെ സച്ചിൻ 91 റൺസ് എടുത്ത് നിൽക്കെ ടിം ബ്രെസ്നൻ സച്ചിൻ ടെണ്ടുൽക്കറിനെ പുറത്താക്കിയിരുന്നു. അന്ന് സെഞ്ചുറി നേടിയിരുന്നെങ്കിൽ അത് സച്ചിൻ ടെണ്ടുൽക്കറുടെ നൂറാം ഇന്റർനാഷണൽ സെഞ്ചുറി ആവുമായിരുന്നു.
ഇതിന് ശേഷമാണ് തനിക്കും അന്ന് സച്ചിൻ ടെണ്ടുൽക്കറുടെ ഔട്ട് വിധിച്ച അമ്പയർ ഹിൽ ടക്കർക്കും വധ ഭീഷണി നേരിടേണ്ടി വന്നുവെന്നും ടിം ബ്രെസ്നൻ വെളിപ്പെടുത്തി. അന്ന് മത്സരത്തിൽ സച്ചിൻ സെഞ്ചുറി നേടുമായിരുന്നെന്നും എന്നാൽ ലെഗ് സൈഡിന് പുറത്തുപോവുന്ന പന്ത് അമ്പയർ ഔട്ട് വിളിക്കുകയായിരുന്നെന്നും ബ്രെസ്നൻ വെളിപ്പെടുത്തി. തനിക്ക് ട്വിറ്ററിലൂടെയും അമ്പയർ ഹിൽ ടക്കർക്ക് പോസ്റ്റൽ വഴിയും ഭീഷണി നേരിട്ടുവെന്നും തുടർന്ന് അമ്പയർ തന്റെ സുരക്ഷ വർധിപ്പിച്ചെന്നും ബ്രെസ്നൻ വെളിപ്പെടുത്തി.
അന്ന് ഇംഗ്ലണ്ട് പര്യടനത്തിൽ സച്ചിൻ തന്റെ നൂറാമത്തെ സെഞ്ചുറി നേടിയില്ലെങ്കിലും തുടർന്ന് 2012ൽ നടന്ന ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ സച്ചിൻ തന്റെ നൂറാമത്തെ സെഞ്ചുറി പൂർത്തിയാക്കിയിരുന്നു.