ലോകകപ്പ് 2019ല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഷാക്കിബ് അല്‍ ഹസന്‍ ടൂര്‍ണ്ണമെന്റില്‍ നേടിയത് 606 റണ്‍സാണ്. ഒരു ലോകകപ്പില്‍ 600 റണ്‍സിലധികം നേടുന്ന താരങ്ങളെന്ന നിലയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മാത്യു ഹെയ്ഡന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്കൊപ്പം ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കുവാന്‍ ഷാക്കിബിന് സാധിച്ചിരുന്നു. 11 വിക്കറ്റും നേടിയ താരം രണ്ട് ശതകങ്ങളും അഞ്ച് അര്‍ദ്ധ ശതകങ്ങളുമാണ് തന്റെ എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് നേടിയത്.
ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്സ് ആണ് തന്നെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന സാധ്യതയെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് ഷാക്കിബ് വ്യക്തമാക്കി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെച്ച് ഡി വില്ലിയേഴ്സിനോട് സംസാരിക്കുവാന്‍ ലഭിച്ച അവസരത്തിന് ശേഷമാണ് താന്‍ ഇതിനെക്കുറിച്ച് ചിന്തിച്ചതെന്ന് ഷാക്കിബ് പറഞ്ഞു. അന്ന് എബി പറഞ്ഞത് താന്‍ ടീമിന് വേണ്ടി അഞ്ച്-ആറ് നമ്പറുകളില്‍ ബാറ്റ് ചെയ്യുന്നത് കൂടുതലാണ്, എന്നാല്‍ തനിക്ക് തോന്നിയിട്ടുള്ളത് മൂന്നാം നമ്പറില്‍ താന്‍ ഇറങ്ങിയാല്‍ കൂടുതല്‍ റണ്‍സും അതുവഴി കൂടുതല്‍ വിജയവും ടീമിന് സാധിക്കുമെന്നാണെന്ന് എബി ഡി വില്ലിയേഴ്സ് പറഞ്ഞു.
തനിക്ക് ടീം നല്‍കിയ ദൗത്യം മധ്യ ഓവറുകളില്‍ എഴുപത് എണ്‍പത് റണ്‍സ് നേടുക എന്നതാണ് എന്നാല്‍ അത് ചിലപ്പോള്‍ സാധിക്കും ചിലപ്പോള്‍ സാധിക്കില്ല, താന്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ 100-120 റണ്‍സ് നേടുവാനുള്ള സാധ്യതയും ഉണ്ടെന്ന് എബി ഡി വില്ലിയേഴ്സ് പറഞ്ഞുവെന്ന് ഷാക്കിബ് വ്യക്തമാക്കി. ഇതാണ് തന്നെയും മൂന്നാം നമ്പറിലെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചതെന്നും ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.