കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ന്യൂസിലാന്റിനെ 5 വിക്കറ്റിന് തോൽപ്പിച്ചു ഓസ്ട്രേലിയ ഫൈനലിൽ. ഇതോടെ സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ നേരിടുമ്പോൾ വെങ്കലത്തിന് ആയി ന്യൂസിലാന്റ്, ഇംഗ്ലണ്ട് പോരാട്ടം ആവും നടക്കുക. ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലാന്റിനെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. 53 റൺസ് എടുത്ത ക്യാപ്റ്റൻ സോഫി ഡെവിന്റെയും 40 റൺസ് എടുത്ത അമേലിയ കെറിന്റെയും മികവിൽ ന്യൂസിലാന്റ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. ഓസ്ട്രേലിയക്ക് ആയി മേഗൻ ഷുറ്റ് 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ടാഹ്ലിയ മഗ്രാത്ത് 2 വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് അലസിയ ഹീലിയെയും മെഗ് ലാനിങിനെയും തുടക്കത്തിൽ നഷ്ടമായെങ്കിലും 36 റൺസ് നേടിയ ബെത്ത് മൂണിയും 23 പന്തിൽ 34 റൺസ് നേടിയ ടാഹ്ലിയ മഗ്രാത്തും അവരെ ലക്ഷ്യത്തിലേക്ക് നയിച്ചു. ഒടുവിൽ അവസാന ഓവറിലെ മൂന്നാം പന്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ ലക്ഷ്യം കാണുക ആയിരുന്നു. 19 റൺസ് നേടിയ ആഷ്ലി ഗാർഡ്നർ 8 റൺസ് നേടിയ ഗ്രേസ് ഹാരിസ് എന്നിവർ മത്സരത്തിൽ പുറത്താകാതെ നിന്നു. ലീ തഹുഹു 3 ഓസ്ട്രേലിയൻ വിക്കറ്റുകൾ ആണ് വീഴ്ത്തിയത്. സ്വർണ മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും കടുത്ത എതിരാളികൾ തന്നെയാണ് ഓസ്ട്രേലിയൻ വനിതകൾ.