കബീർ ഖാനിൽ നിന്നു മുഹമ്മദ് ഷമിയിലേക്ക് ഒട്ടും ദൂരമില്ല കാരണം രാജ്യദ്രോഹം ഇന്ത്യൻ മുസ്ലിമിന്റെ കുത്തക ആണ്!

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബോളിവുഡ് ചിലപ്പോൾ ഇത് വരെ കണ്ട എക്കാലത്തെയും മികച്ച കച്ചവട, കായിക, കലാമൂല്യമുള്ള സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ഒന്നാണ് ഷാരൂഖ് ഖാൻ എന്ന ബോളിവുഡ് കിങ് ഖാന്റെ ‘ചഖ് ദേ ഇന്ത്യ’. വമ്പൻ ഹിറ്റ് ആയ ചിത്രവും അതിലെ പാട്ടുകളും ഇന്ത്യൻ ജനത ഏറ്റെടുക്കുക തന്നെയായിരുന്നു. പിന്നീട് ഇന്ത്യ കളിക്കുന്ന ഏത് കളിയിലും ‘ചഖ് ദേ ഇന്ത്യ’ എന്ന പാട്ട് എന്നും മുഴങ്ങി കേൾക്കുന്നതും പതിവ് കാഴ്ചയായി. ഹോക്കി വിഷയമാക്കിയ ചിത്രം ചിലപ്പോൾ ഇന്ത്യയിൽ ഹോക്കിയെ ഒരു വലിയ വിഭാഗം ജനതക്ക് മുന്നിൽ വീണ്ടും സ്വീകാര്യമാക്കി എന്നു പറയുന്നതിൽ തെറ്റില്ല കാരണം വലിയ വിജയം ആണ് ചിത്രം നേടിയത്. വനിതാ ശാക്തീകരണം മുന്നോട്ട് വച്ച് കായിക ഭരണ രംഗത്തെ കെടുകാര്യസ്ഥത തുറന്നു കാണിച്ച ചിത്രം ചിലപ്പോൾ ബോളിവുഡിനു അത്ര പരിചിതമല്ലാത്ത രാഷ്ട്രീയം കൂടി പറഞ്ഞ ഒരു ചിത്രം കൂടിയായിരുന്നു. പാകിസ്ഥാനു എതിരെ ഹോക്കി മത്സരത്തിൽ പെനാൽട്ടി പാഴാക്കി രാജ്യദ്രോഹിയായി, പാകിസ്ഥാൻ ചാരനായി ഇന്ത്യൻ ആരാധകർ മുദ്രകുത്തിയ കബീർ ഖാൻ എന്ന ഇന്ത്യൻ മുസ്ലിലിമിന്റെ ഉയിർത്ത് എഴുന്നേല്പിന്റെ കഥ കൂടിയായിരുന്നു ‘ചഖ് ദേ ഇന്ത്യ’. കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും ആയി ഷാരൂഖ് ഖാൻ ഇന്ത്യൻ ജനതയുടെ മനസ്സും കണ്ണും നിറയിച്ചു ഈ ചിത്രത്തിലൂടെ.

ഈ ചിത്രവും കബീർ ഖാനും വീണ്ടും ഓർക്കാൻ കാരണം മുഹമ്മദ് ഷമി എന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ്. അയാൾ പാകിസ്ഥാനു എതിരായ ഇന്ത്യയിലെ ലോകകപ്പിലെ ആദ്യ പരാജയത്തിന് ശേഷം നേരിടുന്ന അപരവിദ്വേഷത്തിന്റെ വെറുപ്പിന്റെ കാഠിന്യം ആണ്‌. ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഷമിയെ പാകിസ്ഥാൻ ചാരനും, രാജ്യദ്രോഹിയും ആക്കി മുന്നോട്ട് വരുന്ന പേരില്ലാത്ത, ചിലപ്പോൾ പേരുള്ള ആൾക്കൂട്ടം ഭയാനകമായ കാഴ്ചയാണ്, അശ്ലീലം എന്നു മാത്രം വിളിക്കാവുന്ന ചെയ്‌തിയാണ് ആ വിഭാഗം ചെയ്തു കൊണ്ടേയിരിക്കുന്നത്. ഇതിന് മുമ്പും ഇന്ത്യ ക്രിക്കറ്റ് മത്സരം തോൽക്കുമ്പോൾ ആരാധകർ അതിരൂക്ഷമായി പ്രതികരിക്കാറുണ്ട് എന്നാൽ ഇവിടെ മുഹമ്മദ് ഷമി കൂടുതൽ ക്രൂരമായി അക്രമിക്കപ്പെടുന്നതിനു, രാജ്യദ്രോഹിയും പാകിസ്ഥാൻ ചാരനും ആവുന്നതിനു ഒരൊറ്റ കാരണമേ ഉള്ളു അത് അയാളുടെ മുസ്ലിം പൈതൃകം മാത്രം ആണ്. മോശമായി കളിക്കുമ്പോൾ നിങ്ങൾ വിമർശിക്കപ്പെടുക സ്വാഭാവികം മാത്രം ആണ്, എന്നാൽ അതിനും അപ്പുറം വിദ്വേഷം ചിലർക്ക് മാത്രം നേരിടേണ്ടി വരേണ്ട രാഷ്ട്രീയം അത് അപരനോടുള്ള വെറുപ്പിൽ നിന്നു ഉണ്ടാവുന്ന ഒന്നു മാത്രം ആണ്. ഇന്നേ വരെ ഫുട്‌ബോളിൽ ഇംഗ്ലണ്ട് ലോകകപ്പിലും യൂറോക്കപ്പിലും പുറത്തായപ്പോൾ കാരണക്കാർ ആയ താരങ്ങൾക്ക് അപ്പുറം വിമർശനവും അധിക്ഷേപങ്ങളും സാക്കയും, സാഞ്ചോയും, റാഷ്ഫോർഡും നേരിടേണ്ടി വരുന്നത് അവരുടെ നിറത്തിന്റെ പേരിൽ ആവുമ്പോൾ ഇവിടെ തോൽവിക്ക് മറ്റാരും ഉത്തരവാദി ആവാതെ ഷമി മാത്രം ആ വിമർശനം നേരിടുമ്പോൾ അതിനു കാരണം അയാളുടെ മതം മാത്രം ആണ്.

ചിലപ്പോൾ മുമ്പ് ഇല്ലാത്ത വിധം പാകിസ്ഥാൻ താരങ്ങളെ ഇഷ്ടമാണ് എന്നു പറയുന്നത്, പാകിസ്ഥാൻ ടീമിനെ കായിക ടീം ആയി പിന്തുണക്കുന്നത് ഒക്കെ വലിയ രാജ്യദ്രോഹം ആയി കണക്കാക്കുന്ന കാലം ആണ് ഇത്. അവിടെയാണ് രാജ്യത്തിനു ആയി കളിച്ച സമീപകാലത്ത് ഇന്ത്യൻ പേസ് ബോളിങ് കൈവരിച്ച സ്വപ്ന സമാനമായ മുന്നേറ്റത്തിൽ വലിയ പങ്ക് വഹിച്ച ഒരു താരത്തിനു ഒരു മത്സരം കൊണ്ടു മാത്രം രാജ്യദ്രോഹപ്പട്ടം ലഭിക്കുന്നത്. മുന്നിൽ കാണുന്ന പലതിനോടും, പല അനീതിയോടും കണ്ണടച്ചു മാത്രം ആണ് ഇന്ത്യൻ ഉപരിവർഗ്ഗത്തിനും മധ്യവർഗത്തിനും ശീലം. വസിം ജാഫർ എന്ന തങ്ങളുടെ സഹതാരം മതപരമായ വിവേചനം നേരിട്ടിട്ടു കൂടി അതിനെതിരെ പ്രതികരിക്കാൻ അദ്ദേഹത്തിന്റെ മുൻ ടീം അംഗങ്ങളിലും പലരും മടിച്ചു നിന്നത് നാം കണ്ട കാഴ്ചയാണ്. അതിനാൽ തന്നെ ‘Black Lives Matter’ നു പിന്തുണ അർപ്പിച്ചു മുട്ടുകുത്തി ഇരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ സഹതാരത്തിനു പിന്തുണയും ആയി എത്തുമോ എന്നത് ഉറപ്പിക്കാൻ ആവാത്ത ഒന്നാണ്. കാരണം അവർക്ക് ചുറ്റുമുള്ളത് കാണാൻ ആവുന്നില്ലെന്നു ഈ രാജ്യത്തിനു സമീപകാലത്ത് നടന്ന പല സംഭവങ്ങളും കാണിച്ചു തരുന്നുണ്ട് എന്നാൽ ഇവിടെ തങ്ങളുടെ സഹതാരത്തിനു പിന്തുണയും ആയി അവർ എത്തുന്നത് പോലും ഷമിക്കും എന്തിന് ഇന്ത്യൻ മുസ്ലിം സമൂഹത്തിനും വലിയ കാര്യം തന്നെ ആവണം. അതിനു അവർ തയ്യാർ ആവുമോ എന്നു കാത്തിരുന്നു കാണാം.

കബീർ ഖാനിലേക്ക് തന്നെ മടങ്ങാം, ‘ചഖ് ദേ ഇന്ത്യയിൽ’ ചിലപ്പോൾ അതിന്റെ അതിമനോഹരമായ അന്ത്യ രംഗങ്ങളെക്കാൾ എന്നെ രോമാഞ്ചം കൊള്ളിച്ച ഒരു രംഗം കബീർ ഖാൻ വനിത ഹോക്കി ടീമിന്റെ പരിശീലകൻ ആയി ചുമതല ഏറ്റ ശേഷം നടത്തുന്ന ആദ്യ പരിശീലന ക്യാമ്പിന്റെയാണ്. താരങ്ങളെ വരി നിർത്തുന്ന കബീർ ഖാൻ താരങ്ങളോട് സ്വയം പരിചയപ്പെടുത്താൻ ആവശ്യപ്പെടുന്നു. ഓരോരുത്തരായി പേരിനൊപ്പം സംസ്ഥാനങ്ങളുടെ, സ്ഥാപനങ്ങളുടെ പേര് പറയുമ്പോൾ നിരാശനായി നിൽക്കുന്ന കബീർ ഖാനോട് ടീമിലെ ഗോൾ കീപ്പർ പേരു പറഞ്ഞ ശേഷം ഇന്ത്യ എന്നു പറയുമ്പോൾ വികാരപരിതമായി കബീർ തന്റെ ടീമിനോടു കൊടുക്കുന്ന ഉപദേശം എന്നും ഏറ്റവും പ്രിയപ്പെട്ട സിനിമ രംഗങ്ങളിൽ ഒന്നാണ്. നിങ്ങൾ എവിടെ നിന്നു വരട്ടെ, ഏതു സംസ്ഥാനം ആവട്ടെ, ഏതു മതക്കാരൻ ആവട്ടെ, ഏതു ജാതിക്കാരൻ ആവട്ടെ, ഏതു ഭാഷക്കാരനാവട്ടെ ഇവിടെ നിങ്ങൾ ഇന്ത്യക്കാരൻ മാത്രം ആണെന്ന് കബീർ പറയുമ്പോൾ ഉള്ളിൽ നിറഞ്ഞത് ഇന്ത്യ എന്ന വികാരം മാത്രമായിരുന്നു. ചിലപ്പോൾ ആ വരികൾ ആവും നമ്മൾ മറന്നു കൊണ്ടേയിരിക്കുന്നത്. ഇന്ത്യന് അപ്പുറം എന്നും എപ്പോഴും ചിലപ്പോൾ സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ന് വരെ സമീപകാലത്ത് കൂടുതലായ ഒരു ലിറ്റ്മസ് ടെസ്റ്റ് ഇന്ത്യൻ മുസ്ലിമിന്റെ വിധിയാണ്. ഇന്ത്യക്കാരൻ ആണെന്ന് തെളിയിക്കാൻ അതിനും അപ്പുറം രാജ്യദ്രോഹി അല്ല എന്ന് തെളിയിക്കേണ്ട എന്നത്തേയും ബാധ്യത അവനു മേൽ എന്നും ഒരു വാൾ പോലെ ഇങ്ങനെ തൂങ്ങി നിൽക്കുക തന്നെ ചെയ്യും. എന്നാൽ കബീർ ഖാൻ പറഞ്ഞ പോലെ അപരനോടുള്ള വ്യത്യാസമുള്ളവനോടുള്ള വെറുപ്പിന് അപ്പുറം നമ്മൾ ഇന്ത്യക്കാർ ആയി നിലനിൽക്കുക. എന്നും വ്യത്യാസങ്ങളിൽ ഏകത്വം കണ്ടത്തി ഇന്ത്യൻ ആയവർ ആണ് നാം ചിലപ്പോൾ ക്രിക്കറ്റിൽ ആയിരിക്കും നാം ആ ഒരുമ ഏറ്റവും കൂടുതൽ കണ്ടത്തിയത് ഇന്ന് ആ ക്രിക്കറ്റ് വെറുപ്പിനുള്ള മാർഗ്ഗം ആയി മാറുമ്പോൾ അത് നാം ഒരുമിച്ച് നിന്നു എതിർക്കപ്പെടേണ്ട ഒന്നു തന്നെയാണ്.